കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചെന്നും ഇപ്പോൾ കണ്ടുവരുന്ന വൈറൽ പനി പലതും എച്ച്1 എൻ1 ഇൻഫ്ലുവൻസയാകാൻ സാധ്യതയുള്ളതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈമാസം 18 പേർക്ക് എച്ച്1 എൻ1 ഇൻഫ്ലുവൻസ പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ ഒന്നുമുതൽ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗർഭിണികൾ, പ്രസവം കഴിഞ്ഞു രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസ്സിനുമുകളിലുള്ള മുതിർന്നവർ, പൊണ്ണത്തടിയുള്ളവർ, മറ്റു ഗുരുതരരോഗങ്ങൾ ഉള്ളവർ എന്നിവരിൽ കൃത്യമായി ചികിത്സ നേടാതിരുന്നാൽ ഗുരുതരമാവുകയും മരണകാരണമാവുകയും ചെയ്യാം. മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവർ പനിബാധിച്ചാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.
എച്ച്1 എൻ1 ഇൻഫ്ലുവൻസക്ക് ഫലപ്രദ മരുന്നായ ഒസൾട്ടമാവിർ എന്ന ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആന്റിബയോട്ടിക്കുകൾ ഇതിനെതിരെ ഫലപ്രദമല്ലെന്നും ഇവർ അറിയിച്ചു.രോഗം മൂർച്ഛിക്കുന്നത് തടയുന്നതിന് എല്ലാ ഗർഭിണികളെയും ആഴ്ചയിൽ മൂന്നുദിവസം ഫോണിൽ ബന്ധപ്പെട്ട് പനിവിവരം അന്വേഷിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചികിത്സ മാർഗനിർദേശങ്ങൾ വിശദീകരിക്കാൻ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് വേണ്ട നിർദേശം നൽകുമെന്നും ഡി.എം.ഒ അറിയിച്ചു.എല്ലാ സർക്കാർ ആശുപത്രികളിലും പനി ബാധിതരിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കാൻ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒയുടെ അധ്യക്ഷതയിൽ നടന്ന പ്രതിവാര രോഗനിരീക്ഷണ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.