കോട്ടയം: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ‘പ്രഥമം പ്രതിരോധം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. എലിപ്പനി, ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, വായുജന്യ രോഗങ്ങളായ എച്ച് വൺ എൻ വൺ ഇൻഫ്ലുവൻസ എന്നിവ പ്രതിരോധിക്കാൻ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് ഡി.എം.ഒ അഭ്യർഥിച്ചു.
മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ പ്രതിരോധിക്കുന്നതിന് പൊതു-സ്വകാര്യ കിണറുകൾ ഉൾപ്പെടെ എല്ലാ കുടിവെള്ളസ്രോതസുകളും ക്ലോറിനേറ്റ് ചെയ്തു. ചൊവ്വാഴ്ചയും ക്ലോറിനേഷൻ തുടരും. ജൂൺ ഒന്ന്, മൂന്ന്, നാല് തീയതികളിൽ കർഷകത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ക്ഷീര കർഷകർ, മീൻ പിടിക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി മലിനജല സമ്പർക്കം പുലർത്തുന്നവരുടെ വീട്ടിലെത്തി ഒരുമാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ വിതരണം നടത്തും. തൊഴിലുറപ്പ് തൊഴിലാളികൾ, മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ എന്നിവർ നിർബന്ധമായും ഗുളിക കഴിക്കണം.
മേയ് 29, ജൂൺ അഞ്ച്, 12, 19 തീയതികളിൽ സ്കൂളുകളിൽ ഉറവിട നിർമാർജനം നടത്തും. മേയ് 30, ജൂൺ ആറ്, 13, 20 തീയതികളിൽ ഓഫീസുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിട നിർമാർജനം നടത്തും. മേയ് 31, ജൂൺ ഏഴ്, 14, 21 തീയതികളിൽ വീടുകളിൽ കുടുംബശ്രീ ആരോഗ്യ വോളന്റീയർമാരുടെ സേവനം ഉറപ്പാക്കി ആശാ, അങ്കണവാടി, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യ ഉറവിട നിർമാർജനം നടത്തും.
വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിന്റെ പ്രാധാന്യം, ഒ.ആർ.എസ് ലായിനി തയാറാക്കുന്ന വിധം എന്നിവ സംബന്ധിച്ച് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. ചിന്മയ വിദ്യാലയയിൽ നടന്ന ജില്ലതല സമ്മേളനം ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ ഉദ്ഘാടനം ചെയ്തു.
ജില്ല രോഗനിരീക്ഷണ ഓഫീസർ ഡോ. ജെസി ജോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഗീത ദേവി വർമ, ജില്ല മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ശശിലേഖ വി.എസ്, ടെക്നിക്കൽ അസിസ്റ്റന്റ് ഗോപാലൻ ഇ.കെ, എന്റമോളജിസ്റ്റ് സി.സതീഷ്കുമാർ, സി.ഡി.എസ് അംഗം അൽഫോൻസാ അലക്സ്, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ജോൺ കുര്യൻ തുടങ്ങിയവർ സംസാരിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സൈറു ഫിലിപ്പ് സെമിനാറിന് നേതൃത്വം നൽകി. കോട്ടയം എസ്.എച്ച് സെന്റർ നഴ്സിങ് വിദ്യാർഥിനികൾ ബോധവത്കരണ കലാപരിപാടി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.