മുണ്ടക്കയം: പറഞ്ഞതെല്ലാം വാക്കുകളിലും കടലാസിലുമായി എന്നതല്ലാതെ പെരുവന്താനം മൃഗാശുപത്രി ഇപ്പോഴും ഈ അപകടാവസ്ഥയിലായ കെട്ടിടത്തിൽതന്നെ. പല പദ്ധതികളും പറഞ്ഞെങ്കിലും ഒരു സുരക്ഷയും ഇല്ലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം.
1959ൽ സ്ഥാപിച്ച ആശുപത്രിയിൽ സീനിയർ വെറ്ററിനറി സർജൻ ഉൾപ്പെടെ നാല് ജീവനക്കാരുണ്ട്. ആരംഭം മുതൽ പ്രവർത്തിക്കുന്ന വാടകക്കെട്ടിടം ഇടിഞ്ഞുവീഴാറായ നിലയിലാണ്.
മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ പടുതയിട്ട് മൂടി മഴയിൽനിന്ന് രക്ഷനേടുകയാണ് ജീവനക്കാർ. മൂന്നുമുറികൾ ഉണ്ടെങ്കിലും മേൽക്കൂര ദ്രവിച്ച് വീഴാറായി. വനിത ജീവനക്കാരി ഉൾപ്പെടെയുള്ള ഇവിടെ ബാത്തുറൂം പ്രവർത്തനയോഗ്യമല്ല. മഴ പെയ്യുമ്പോൾ ഭീതിയോടെയാണ് കഴിയുന്നത്.
എസ്റ്റേറ്റ് മേഖലയും കർഷകരും ഏറെയുള്ള പദേശത്ത് ദിനംപ്രതി നിരവധി മൃഗങ്ങളെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഇവയെ പരിശോധിക്കാൻപോലും പരിമിതമായ സൗകര്യമാണ്.
35ാം മൈലിൽ കൃഷിഭവനുസമീപം കെട്ടിടം നിർമിച്ചെങ്കിലും രണ്ടാംനിലയാണ് നൽകിയത്. ഒന്നാം നില ക്ലബിന് നൽകി. ആശുപത്രി സുരക്ഷിതമായ മറ്റൊരു വാടക കെട്ടിടത്തിലേക്ക് എങ്കിലും മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.