മലഞ്ചരക്ക് കടയിൽ മോഷണം; പണവും സാധനങ്ങളും കവർന്നു

മുണ്ടക്കയം: പുത്തൻചന്തയിൽ മലഞ്ചരക്ക് കടയിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷണംപോയി. തോപ്പിൽ റബേഴ്സിൽനിന്നുമാണ് പണവും മലഞ്ചരക്ക് സാധനങ്ങളും കവർന്നത്. തോപ്പിൽ സജീവ് ഭാസ്കരന്‍റെ ഉടമസ്ഥതയിലുള്ള കടയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.

കടയുടെ ഷട്ടർ പിക്കാസ് ഉപയോഗിച്ച് കുത്തിത്തുറന്നാണ് 85,000 രൂപയും മലഞ്ചരക്ക് സാധനങ്ങളും കവർന്നത്. രണ്ട് മേശവലിപ്പിലായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. ഒട്ടുപാൽ, കുരുമുളക്, ജാതിക്ക, ജാതി പത്രി, കൊക്കോ അടക്കം മോഷ്ടിക്കപ്പെട്ടു.

ഏകദേശം മൂന്ന് ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷണം പോയതായാണ് പ്രാഥമിക കണക്ക്. സി.സി ടി.വി കാമറകളുടെ കേബിളുകൾ മുറിച്ചുനശിപ്പിച്ച മോഷ്ടാവ് ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി.വി.ആറും കവർന്നു. ബുധനാഴ്ച വൈകീട്ട് 7.15ന് അടച്ച കട പിറ്റേന്ന് രാവിലെ തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്.

തുടർന്ന് പൊലീസിൽ വിവരമറിച്ചതോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകൾ ശേഖരിച്ചു. ഷട്ടർ കുത്തിത്തുറക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന പിക്കാസ് സമീപത്തുനിന്ന് കണ്ടെത്തി. താഴ് അറുത്ത് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ സമീപത്തെ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് എടുത്ത പിക്കാസ് ഉപയോഗിച്ച് ഷട്ടർ കുത്തിത്തുറക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

Tags:    
News Summary - Theft at store; Money and goods were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.