മുണ്ടക്കയം: അഞ്ചുദിവസമായി നാടിനെ ഭീതിയിലാഴ്ത്തി കാട്ടുപോത്ത്. വെള്ളിയാഴ്ച രാത്രി 10ഓടെ കുറ്റിപ്ലാങ്ങാട് ജങ്ഷനില്‍ കാട്ടുപോത്തിനെ യാത്രക്കാര്‍ കണ്ടു. സ്വകാര്യ റബര്‍ തോട്ടത്തില്‍ പ്രവേശിച്ച പോത്ത് പിന്നീട് അപ്രത്യക്ഷമായി. രാത്രി 10.30ഓടെ കൂട്ടിക്കല്‍-കൊക്കയാര്‍-വെംബ്ലി റോഡില്‍ പുളിക്കത്തടം റബര്‍ ഫാക്ടറിക്ക് സമീപം പാതയോരത്ത് വാഹനയാത്രക്കാര്‍ കണ്ടു.
റോഡിനോടു ചേര്‍ന്നു പോത്തിനെ കണ്ട യാത്രക്കാര്‍ മുന്നോട്ടുപോകാൻ ഭയപ്പെട്ടു. ഉടന്‍ കുറ്റിപ്ലാങ്ങാട്ടുനിന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ നൗഷാദിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാതിരാത്രിയോടെ പൂവഞ്ചി ഭാഗത്ത് കാട്ടുപോത്ത് എത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പുരയിടങ്ങളില്‍ നിലയുറപ്പിച്ച കാട്ടുപോത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഒരാഴ്ച മുമ്പ് വെംബ്ലി-കനകപുരം റോഡില്‍ ചക്കന ഭാഗത്ത് പഞ്ചായത്ത് അംഗം സഞ്ജിത് ശശി ആദ്യം കാട്ടുപോത്തിനെ കണ്ടിരുന്നു. തൊട്ടടുത്ത ദിവസം കനകപുരം ടോപ് ഭാഗമായ നിരവുപാറയിലെ സ്വകാര്യ പുരയിടത്തിലെ ജീവനക്കാരന് കുര്യന് പോത്തിനെ കണ്ട് വനപാലകരെ അറിയിച്ചു. വ്യാഴാഴ്ച വെംബ്ലി-കൊക്കയാര്‍ റോഡില്‍ ആറുമുക്ക് ഭാഗത്തും കുറ്റിപ്ലാങ്ങാട് ജങ്ഷനിലും പോത്തിനെ ആളുകള്‍ കണ്ടെങ്കിലും പലരും ഇത് വിശ്വസിക്കാന്‍ തയാറായില്ല. ഇതിനിടയിലാണ് വെള്ളയാഴ്ച വീണ്ടും മേഖലയില്‍ കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.