മുണ്ടക്കയം: ഏന്തയാർ ഈസ്റ്റ് പാലം തകർന്നിട്ട് മൂന്നുവർഷം പിന്നിടുമ്പോഴും അധികാരികൾ മൗനത്തിൽ. 2021ലെ മഹാപ്രളയത്തിലാണ് കൂട്ടിക്കൽ- കൊക്കയർ പഞ്ചായത്തുകളെയും കോട്ടയം- ഇടുക്കി ജില്ലകളെയും ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം തകർന്നത്. ഇതോടെ കൊക്കയാർ പഞ്ചായത്തിൽപ്പെട്ട മുക്കുളം, വടക്കേമല, വെമ്പാല, വെംബ്ലി അടക്കമുള്ള മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. ദുരന്തം നടന്ന് ഒന്നരവർഷം പിന്നിട്ടിട്ടും പാലം നിർമിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വേനൽകാലത്ത് പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പുഴയിൽ മണ്ണിട്ട് ഉയർത്തി താൽക്കാലികമായി നിർമിച്ച റോഡിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നിർമിച്ച താൽക്കാലിക നടപ്പാലവും കാൽനട യാത്രക്കാർക്ക് ആശ്രയമാണ്.
എന്നാൽ, മഴക്കാലമാകുന്നതോടെ ആറ്റിലെ ജലനിരപ്പ് ഉയരും. മുക്കുളം, വടക്കേമല, വെംബ്ലി തുടങ്ങിയ മേഖലയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങളിലെ ആളുകൾ മൂന്ന് കിലോമീറ്ററോളം ഒരുവശത്തേക്ക് മാത്രം അധികം സഞ്ചരിച്ച് ഇളംങ്കാട് വഴി വേണം ഏന്തയാർ ടൗണിൽ എത്താൻ. തിരികെയുള്ള യാത്ര കൂടിയാകുമ്പോൾ ഇത് ആറ് കിലോമീറ്ററാകും. സ്കൂൾ തുറന്നതോടെ മേഖലയിലെ കുട്ടികളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. കുട്ടികളിൽ ഭൂരിഭാഗവും പഠനം നടത്തുന്നത് ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിലെ സ്കൂളുകളിലാണ്. തടിയിൽ തീർത്ത താൽക്കാലിക നടപ്പാലമാണ് ഇവരുടെ ഏക ആശ്രയം. മഴക്കാലത്ത് പുല്ലകയാറ്റിലെ ജലനിരപ്പ് ഉയർന്നാൽ താൽക്കാലിക നടപ്പാലം ബലക്ഷയത്തിലാകും. പിന്നീട് ഇതുവഴി കാൽനട യാത്ര പോലും അസാധ്യമാകും. ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 2022 ലെ സംസ്ഥാന ബജറ്റിൽ ടോക്കൺ തുകയായി 100 രൂപ ഉൾപ്പെടുത്തിയെങ്കിൽ 2023 ലെ ബജറ്റിൽ ഒരു രൂപ പോലും അനുവദിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ജനകീയസമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ നടത്തിയ നിയമപോരാട്ടത്തിൽ പാലം നിർമിക്കാൻ സർക്കാറിന് നിർദേശം ലഭിച്ചെങ്കിലും അതും ചുവപ്പു നാടയിൽ കുടുങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.