കോട്ടയം: തിരുനക്കര ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കാൻ എൻജിനീയറിങ് വിഭാഗത്തിെൻറ സർവേ റിപ്പോർട്ട് തയാറായി. അടുത്ത കൗൺസിലിൽ റിപ്പോർട്ട് അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. കെട്ടിടം പൊളിക്കുമ്പോൾ കിട്ടുന്ന കമ്പി, വാതിൽ തുടങ്ങി ഉപയോഗയോഗ്യമായതിെൻറ കണക്കുകളും കെട്ടിടം നിർമിക്കാൻ വരുന്ന ചെലവും അടങ്ങിയതാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈയിൽ 12 ലക്ഷം രൂപയുടെ സർവേ റിപ്പോർട്ട് തയാറാക്കിയിരുന്നു.
എന്നാൽ, അത് അപൂർണമാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നതോടെ കൗൺസിൽ തള്ളി. നഗരസഭയുടെ നാഗമ്പടത്തെ കെട്ടിടത്തിലേക്ക് മാറാൻ സമ്മതമാണെന്ന് ആരോപിച്ച് എട്ട് വ്യാപാരികൾ കത്തുനൽകിയിട്ടുണ്ട്. ഇക്കാര്യം ആറിനുചേരുന്ന ഫിനാൻസ് കമ്മിറ്റിയിൽ ചർച്ചചെയ്ത് അംഗീകാരം നൽകുമെന്ന് വൈസ് ചെയർമാൻ ഗോപകുമാർ അറിയിച്ചു. കെട്ടിടം പൊളിച്ചശേഷമേ തിരുനക്കരയിലെ താൽക്കാലിക സംവിധാനത്തിന് വഴിയൊരുങ്ങൂ. ഏഴിനാണ് അടുത്ത കൗൺസിൽ യോഗം ചേരുന്നത്. യോഗത്തിനുശേഷം ഗതാഗത ഉപദേശക കമ്മിറ്റി ചേർന്ന് പൊലീസുമായി ആലോചിച്ചശേഷം ബസ് സ്റ്റാൻഡ് അടക്കുന്നകാര്യം പരിഗണിക്കും. ടാക്സി സ്റ്റാൻഡും മാറ്റും. കടകൾ ഒഴിഞ്ഞ് വ്യാപാരികൾ തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായി താക്കോൽ കൈമാറി.
വരുന്നത് എട്ടുനിലയുള്ള മൾട്ടിപ്ലക്സ് കം ബസ് ബേ
മൾട്ടിപ്ലക്സ് തിയറ്ററും അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യവുമുള്ള എട്ടുനില കെട്ടിടമാണ് തിരുനക്കരയിൽ വിഭാവനം ചെയ്യുന്നത്. രണ്ടു ലെയറിലായിരിക്കും അണ്ടർ ഗ്രൗണ്ട് പാർക്കിങ്. മുനിസിപ്പൽ ഓഫിസുകൾ, കൗൺസിൽ ഹാൾ, ആർട്ട് ഗാലറി, പൊതുപരിപാടികൾക്കുള്ള ഹാൾ തുടങ്ങിയവയുമുണ്ടാകും. പൂർണമായി സോളാർ എനർജിയിൽ പ്രവർത്തിക്കുന്നതായിരിക്കും കെട്ടിടം. മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. താഴെ ബസ് ബേ. ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് 14 ആര്‍ക്കിടെക്റ്റുമാര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ പ്രസന്‍റേഷന്‍ നഗരസഭ മുമ്പാകെ അവതരിപ്പിക്കും. ഇതിൽനിന്ന് ഒരാളെ തെരഞ്ഞെടുത്തശേഷം വിശദ റിപ്പോര്‍ട്ട് തയാറാക്കിവേണം നിര്‍മാണ നടപടികളിലേക്ക് നീങ്ങാന്‍. ബാങ്ക് വായ്പയിലൂടെ തുക കണ്ടെത്താനാണ് നഗരസഭ തീരുമാനം. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 75 ലക്ഷം രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട്.
സാധനങ്ങൾ പലതും മോഷണം പോയി
കോ ട്ടയം: തിരുനക്കരയിലെ വ്യാപാരികൾ കടകൾ ഒഴിയുന്നതിെൻറ ഭാഗമായി പുറത്തുവെച്ച സാധനങ്ങൾ പലതും മോഷണംപോയി. കടകളിൽനിന്ന് അഴിച്ചുവെച്ച ബോർഡുകൾ, സാധനങ്ങൾ അടങ്ങിയ പെട്ടികൾ, ഷട്ടറുകളുടെ കവർ തുടങ്ങിയവയാണ് മോഷണം പോയത്.
ഞായറാഴ്ച കടകളിൽനിന്ന് സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിടുന്നതിെൻറ തിരക്കിലായിരുന്നതിനാൽ ആരും ഇക്കാര്യം ശ്രദ്ധിച്ചില്ല. മാത്രമല്ല സ്റ്റാൻഡിൽ കടകൾ ഒഴിയുന്നതിെൻറ വലിയ തിരക്കുമുണ്ടായിരുന്നു. പകൽ തന്നെ കടകളിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നതിനാൽ രാത്രി എമർജൻസി വെളിച്ചത്തിലാണ് കടക്കാർ സാധനങ്ങൾ കൊണ്ടുപോയത്. വാഹനത്തിൽ കയറ്റാൻ കഴിയുന്ന സാധനങ്ങൾ കൊണ്ടുപോയി. ചില സാധനങ്ങൾ കിട്ടിയ വിലക്ക് വിറ്റു.
കൊണ്ടുപോകാൻ പറ്റാത്തവ സ്റ്റാൻഡിൽ തന്നെ ഉപേക്ഷിച്ചു.
ഒഴിയാൻ സാവകാശം തന്നിരുന്നെങ്കിൽ എല്ലാം കൃത്യമായി മാറ്റാൻ കഴിയുമായിരുന്നു എന്ന് വ്യാപാരികൾ പറയുന്നു. ശനിയാഴ്ച അധികൃതരെത്തി ഞായറാഴ്ച തന്നെ ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.