കാലിക്കട്ടല്ലിത്​ വെള്ളക്കെട്ട്​

കോ​ഴിക്കോട്​: നഗരത്തിലെ വെള്ളക്കെട്ട്​ ഒഴിവാക്കാൻ കോടികൾ ചെലവഴിച്ച്​ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒരു മഴയിൽ ​പാതകളിൽ പ്രളയം. ബുധനാഴ്​ച പുലർച്ചെ പെയ്ത മഴ നഗരത്തിലെ പ്രധാന റോഡുകളെ വെള്ളത്തിനടിയിലാക്കി. വൈകീട്ടായിട്ടും വെള്ളം പലയിടങ്ങളിലും ഒ​​ഴിഞ്ഞുപോയില്ല. മിഠായിത്തെരുവ്​ ജങ്​ഷനിൽ പോലും വെള്ളക്കെട്ട്​. മാവൂർ റോഡിൽ അമൃത്​ പദ്ധതി പ്രകാരം ഓടകൾ നവീകരിക്കുകയും പാത പുതുക്കുകയും ചെയ്​തെങ്കിലും വെള്ളം പഴയ പടി പൊങ്ങി. പരിസരത്തെ കടകളിലേക്ക്​ വരെ കയറുന്ന അവസ്ഥ.കെ.എസ്​.ആർ.ടി.സി ടെർമിനൽ മുതൽ നന്തിലത്ത്​ ജങ്​ഷൻ വരെ വെള്ളം കെട്ടിക്കിടന്നതിനാൽ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഇരുചക്രവാഹനയാത്ര തീർത്തും ദുഷ്​കരമായി. മാവൂർ റോഡിൽ നിന്ന്​ യു.കെ. ശങ്കുണ്ണിറോഡിലേക്ക്​ വെള്ളം കയറി. പരിസരത്തെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മാവൂർ റോഡിലെ വെള്ളം ഒഴുകിയെത്തി. സ്​റ്റേഡിയം- രാജാജി റോഡ്​ ജങ്​ഷനിൽ തടാകം രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ശ്രീകണ്ഠേശ്വരക്ഷേത്രം ഒറ്റപ്പെട്ടു. അമ്പലത്തിന്‍റെ പരിസര റോഡുകളിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞും വെള്ളമിറങ്ങിയില്ല. ​ ജാഫർ ഖാൻ കോളനിയിലും പാതകൾ വെള്ളത്തിനടിയിലായി. അതേ സമയം നവീകരണം നടക്കാത്ത പഴയ റോഡുകളിൽ വെള്ളക്കെട്ടുണ്ടായില്ല. നിർമാണത്തിലെ തകരാറാണ്​ ഇത്​ വ്യക്തമാക്കുന്നത്​ എന്നാണ്​ വിദഗ്​ധർ പറയുന്നത്​. മാവൂർ റോഡിൽ മഴ പെയ്യുമ്പോഴേക്കും നിറയുന്നത്​ ഓടയിലെ വെള്ളമാണ്​. എലിപ്പനി ഭീഷണിയുള്ള കാലത്ത്​ ഈ മലിനജലം ജീവന്​ തന്നെ ആപത്ത്​ വരുത്തും. ​വെള്ളക്കെട്ടിൽ മീൻ തേടി ചിലർ കോഴിക്കോട്​: വെള്ളം പൊങ്ങിയതോടെ റോഡിൽ മീനൊഴുകി. വലിയ മുഷു, ചേറുമീൻ, തിലാപ്പിയ തുടങ്ങിയ മീനുകൾ ലഭിക്കുമെന്ന്​ പ്രതീക്ഷിച്ചാണ്​ പലരും വെള്ളത്തിലിറങ്ങിയത്​. ചിലർക്ക്​ വലിയ മുഷു കിട്ടി. മലിനജലക്കെട്ടിലിറങ്ങിയായിരുന്നു​ മീൻപിടിത്തം. vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.