കോവിഡ്: നോര്‍ക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍

കോഴിക്കോട്: കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭക മേഖലയില്‍ കൂടുതല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്. വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഏറ്റെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭക വായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിന്‍ കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു.

അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകള്‍ അനുവദിച്ചു. നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള പ്രധാന സംരംഭക സഹായപദ്ധതിയായ എന്‍.ഡി.പി.ആർ.ഇ.എമ്മിലും (നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ്) കഴിഞ്ഞ വര്‍ഷം അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായി. 1000 സംരംഭക വായ്പകളാണ് ഈ പദ്ധതിയിലൂടെ 2021-22 വര്‍ഷം വിതരണം ചെയ്തത്. 81.65 കോടി രൂപ എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ക്കും 19 കോടി രൂപ സബ്സിഡികള്‍ക്കുമായി ചെലവഴിച്ചു. മുന്‍വര്‍ഷം 782 സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതി വഴി വായ്പ അനുവദിച്ചിരുന്നത്. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി ഈ വായ്പക്ക് അപേക്ഷിക്കാം.

Tags:    
News Summary - 6010 Business Loan granted by Norka Roots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.