കോഴിക്കോട്: കാറ്റും വെളിച്ചവും കടക്കാതെ യാത്രക്കാർ വിങ്ങിപ്പുകയുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ എ.സി ലോഞ്ച് ഒരുങ്ങുന്നു. പണമടച്ച് സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം. ബസ് സ്റ്റാൻഡിൽ ടിക്കറ്റ് റിസർവേഷൻ അന്വേഷണ കൗണ്ടറിനോട് ചേർന്നാണ് എ.സി വിശ്രമ മുറി സജ്ജീകരിക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ വാടകക്ക് നൽകുന്ന എ.സി ഇരിപ്പിടങ്ങൾ ഒരുക്കുന്നത്.
480 സ്ക്വയർ ഫീറ്റ് വീതിയിലാണ് ലോഞ്ച് ഒരുങ്ങുക. 36 സീറ്റിൽ കുടുംബത്തിനും വനിതകൾക്കും ഇരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. വനിതകൾക്ക് മാത്രമായി ഒമ്പത് സീറ്റും കുടുംബമായി എത്തുന്നവർക്ക് ഇരിക്കാൻ 27 സീറ്റും. വനിതകളുടെ സീറ്റിനോട് ചേർന്ന് മുലയൂട്ടൽ റൂമും സജ്ജീകരിക്കും. ഉദ്ഘാടനം കഴിഞ്ഞശേഷം ആവശ്യത്തിന് അനുസരിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ മൊബൈൽ കമ്പനി സി.എസ്.ആർ ഫണ്ടിൽനിന്ന് പണം ചെലവഴിച്ചാണ് കെ.എസ്.ആർ.ടി.സിക്ക് എ.സി വിശ്രമ മുറി നിർമിച്ചുനൽകുന്നത്. പണി കഴിഞ്ഞാലുടൻ ഇത് കെ.എസ്.ആർ.ടി.സിക്ക് കൈമാറും. ദീർഘദൂര യാത്രക്കായി എത്തുന്ന കുടുംബങ്ങൾക്കും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ഇത് ഏറെ ഉപകാരപ്രദമാകും. നേരത്തെ തിരുവനന്തപുരം അങ്കമാലി സ്റ്റാൻഡുകളിൽ എ.സി വിശ്രമമുറി തുറന്നിട്ടുണ്ട്. 22 ലക്ഷം രൂപ ചെലവിലാണ് കമ്പനി വിശ്രമ മുറികൾ ഒരുക്കുന്നത്. ഇവിടങ്ങളിൽ എ.സി വിശ്രമുറിയിൽ സീറ്റൊന്നിന് മണിക്കൂറിൽ 30 രൂപയാണ് ഈടാക്കുന്നതെന്നാണ് വിവരം. എന്നാൽ, കോഴിക്കോട്ട് വാടക നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനം വർധിക്കുന്നതിനുള്ള എ.സി വിശ്രമ മുറി സാധാരണക്കാരായ യാത്രക്കാർക്ക് ഇരിക്കാൻ പരിമിതമായ സൗകര്യം അപഹരിക്കുന്നതാണെന്ന് ആക്ഷേപം. ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടം ഒരുക്കിയ ഭാഗത്ത് വലിയൊരു ഭാഗം കവർന്നാണ് എ.സി വിശ്രമമുറി ഒരുക്കുന്നത്. സാധാരണക്കാർക്കാർ ഇരിക്കാനുള്ള സൗകര്യം കവർന്നെടുത്ത് എ.സി വിശ്രമ മുറികൾ ഒരുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വെയിറ്റിങ് ഏരിയയിൽ നിൽക്കാൻ പോലും ഇടമില്ലാതെ യാത്രക്കാർ ട്രാക്കിലേക്ക് ഇറങ്ങി നടക്കുന്ന അവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ആകെയുള്ള സ്ഥലംകൂടി കവർന്ന് വാടകക്ക് കൊടുക്കുന്നത്. മാത്രമല്ല സ്റ്റാൻഡിൽ ലോക്കൽ ബസുകൾ നിർത്തിയിടുന്ന ഭാഗത്ത് പുരുഷൻമാർക്കുള്ള ശുചിമുറിയിൽനിന്നുള്ള ദുർഗന്ധം കാരണം യാത്രക്കാർക്ക് നിൽക്കാൻ കഴിയില്ല. ഈ ഭാഗത്ത് യാത്രക്കാർ ഇരിക്കാൻ ആവശ്യത്തിന് ഇരിപ്പിടവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.