കോഴിക്കോട്: നവീന ആശയങ്ങളുമായി 96.97 കോടി രൂപയുടെ 2024-25ലെ വാർഷിക കരട് പദ്ധതിക്ക് ജില്ല പഞ്ചായത്ത് വികസന സെമിനാർ രൂപം നൽകി. കരട് പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ലൈഫ് ഭവന പദ്ധതിക്കാണ്. ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണവും പുത്തൻ സംരംഭങ്ങളും ഉൾപ്പെടെ കാർഷിക മേഖലക്കായി നിരവധി പദ്ധതികളുണ്ട്.
സമഗ്ര നാളികേര വികസന പദ്ധതി, കൈപ്പാട് കൃഷി പ്രോത്സാഹിപ്പിക്കൽ, വന്യമൃഗശല്യം തടയുന്നതിന് വനാതിർത്തികളിൽ സൗരോർജ വേലി സ്ഥാപിക്കൽ തുടങ്ങി നിരവധി പദ്ധതികളാണ് കാർഷിക മേഖലയിൽ ഒരുങ്ങുന്നത്. അഞ്ചുവർഷം കൊണ്ട് ജില്ലയെ തരിശുരഹിത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടിയായ കതിരണി പദ്ധതി വിപുലമായി നടപ്പാക്കും. ഉൾനാടൻ മത്സ്യബന്ധനം ടൂറിസവുമായി കൂട്ടിയോജിപ്പിച്ച് പദ്ധതി രൂപവത്കരിക്കും.
മത്സ്യ വിപണന- സംസ്കരണത്തിന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനായി ‘ഫാം ടു ഹോം പദ്ധതി’ നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്. കോഴിക്കോടിനെ വയോജന സൗഹൃദ ജില്ലയാക്കി മാറ്റും. പൊതുഇടങ്ങൾ സ്ത്രീ സൗഹൃദമാക്കും. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ കൗൺസിൽ രൂപവത്കരിച്ച് ദേശീയ, അന്തർ ദേശീയ മത്സര പരീക്ഷകൾക്ക് അക്കാദമിക പിന്തുണ നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. ജില്ലയെ കാർബൺ ന്യൂട്രൽ ആക്കുന്നതിനുള്ള പദ്ധതി രൂപവത്കരിക്കും.
ഹാപ്പിനസ് പാർക്ക് നിർമാണം, സമഗ്ര കായിക വികസനത്തിനുള്ള പദ്ധതി, ഫാം ടൂറിസം വിപുലീകരണം, വിദ്യാലയങ്ങളിൽ സംരംഭകത്വ പരിശീലന കേന്ദ്രം തുടങ്ങിയവയും വാർഷിക കരട് പദ്ധതിയിലുണ്ട്. തനതു വരുമാന വർധനയും ലക്ഷ്യമാണ്. ലൈഫ് ഭവന പദ്ധതിക്കായി 9.59 കോടി രൂപ വകയിരുത്തും.
വനിത ഘടക പദ്ധതികൾക്കായി 4.10 കോടി രൂപയും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജൻഡർമാർക്കും വയോജനങ്ങൾക്കുമായി 2.05 കോടി വീതം വകയിരുത്തും. 10.31 കോടിയുടെ ഉൽപാദന മേഖലയിലെ പദ്ധതികളും ലക്ഷ്യമിട്ടിട്ടുണ്ട്.
വികസന സെമിനാർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ‘വികസന സമീപനം’ വികസന സമിതി അധ്യക്ഷ വി.പി. ജമീലയും ‘നൂതന പദ്ധതികൾ, ആശയങ്ങൾ’ ജില്ല ആസൂത്രണ സമിതിയംഗം എ. സുധാകരനും അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് സ്വാഗതവും സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.