തലക്കുളത്തൂർ: മഴയും മഞ്ഞും കൊള്ളാതെ ഒരു ദിവസമെങ്കിലും കിടന്നുറങ്ങാൻ കഴിയുമോ എന്ന ആശ മാത്രമാണ് തലക്കുളത്തൂർ ഒന്നാം വാർഡിലെ ചട്ടിപ്പുരക്കണ്ടി ബാബുവിനും കുടുംബത്തിനുമുള്ളത്. ചോർന്നൊലിക്കുന്ന, പ്ലാസ്റ്റിക് ഷീറ്റും തകരഷീറ്റുംകൊണ്ട് മറച്ച ഷെഡിൽ നാലുപേർ ജീവിക്കുന്നുണ്ടെന്ന വിവരമറിയുമ്പോൾ ആരും അന്തിച്ചുപോകും. കനത്ത മഴയും കാറ്റും വരുമ്പോൾ ഭാര്യയെയും രണ്ടും പെൺമക്കളെയും കൂട്ടി പുറത്തേക്കോടാൻ തയാറെടുത്താണ് ഈ 54കാരൻ ഇരിക്കാറ്.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളായ രണ്ടു പെൺമക്കളും ഭാര്യയും ഉൾപ്പെടുന്നതാണ് ബാബുവിന്റെ കുടുംബം. ലൈഫ് പദ്ധതിയിൽ വീടനുവദിച്ചിട്ടും തീരദേശ കെട്ടിട നിർമാണത്തിന്റെ പേരു പറഞ്ഞ് കുടുംബത്തെ ആനുകൂല്യത്തിൽനിന്നകറ്റി നിർത്തുകയാണെന്നാണ് പരാതി. നൂറുമീറ്ററിൽ കൂടുതലുണ്ടായിട്ടും പുഴയിൽനിന്ന് 82 മീറ്ററേ ഉള്ളൂവെന്നാണ് സർവേയർ റിപ്പോർട്ട് നൽകിയതത്രെ.
ഇതുസംബന്ധിച്ച് റവന്യൂ മന്ത്രിക്ക് പരാതി നൽകിയതിനാൽ അദാലത്തിൽ ബാബുവിന്റെയും കുടുംബത്തിന്റെയും പരാതി പരിഹരിക്കാൻ 2023 മേയ് രണ്ടിന് കലക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. പുഴയിൽനിന്ന് നൂറുമീറ്റർ അകലമില്ല എന്നു പറയുമ്പോൾ തന്നെ പുഴയുടെ വീതിയെത്രയാണെന്ന് രേഖകളിൽ കാണുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. തന്റെ വാർഡിൽ ഉൾപ്പെട്ട കുടുംബം ദുരിതമനുഭവിക്കുകയാണെന്ന് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള പറഞ്ഞു.
82 മീറ്റർ പരിധിയിലാണ് വീട് നിൽക്കുന്നതെന്നാണ് സർവേയർ റിപ്പോർട്ട് ചെയ്തതെന്ന് അവർ പറഞ്ഞു. തന്റെ മരണംവരെ വീടെന്ന സ്വപ്നം സാധ്യമാകില്ലെന്നു പറഞ്ഞ് കണ്ണീർവാർക്കുന്ന രോഗിയായ ബാബു, മക്കൾ ദുരിതമനുഭവിക്കുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ലെന്ന് സങ്കടപ്പെടുന്നു. താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള ശ്രമമെങ്കിലും സന്മനസ്സുകളിൽനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.