മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 34,15,41,926 രൂപ വരവും 33,44,42,000 രൂപ ചെലവും 70,99,926 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിനയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷത വഹിച്ചു. കാർഷിക, കായിക, വികസന മേഖലക്ക് പ്രത്യേക പരിഗണന നൽകുന്ന ബജറ്റിൽ ടർഫ് നിർമാണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉൽപാദന മേഖലക്ക് ഒരു കോടി 27 ലക്ഷം രൂപയും സേവനമേഖലക്ക് 11 കോടി 66 ലക്ഷം രൂപയും പശ്ചാത്തല മേഖലക്ക് രണ്ടുകോടി 95 ലക്ഷം രൂപയും വകയിരുത്തിയ ബജറ്റിൽ ടർഫ് നിർമാണത്തിന് 23 ലക്ഷം രൂപയും ക്ഷീരകർഷകർക്ക് തൊഴുത്തിൽ റബർ മാറ്റ്, കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിന് സൗരോർജവേലി എന്നിവ നടപ്പാക്കാനും തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാർഷിക വികസനത്തിനും വിപണന കേന്ദ്രം തുടങ്ങുന്നതിനും 65 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 63 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് ഒരുകോടി 83 ലക്ഷം രൂപയും വിദ്യാഭ്യാസത്തിനും യുവജനക്ഷേമത്തിനും 42 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെ ദാരിദ്ര ലഘൂകരണത്തിന് ഏഴു കോടി 25 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് നാലുകോടി 30 ലക്ഷം രൂപയും വകയിരുത്തി.
അംഗൻവാടികൾക്ക് പോഷകാഹാരത്തിനും പശ്ചാത്തല വികസനത്തിനുമായി 81 ലക്ഷം രൂപയും വയോജന പാർക്കിന് 10 ലക്ഷം രൂപയും വനിതക്ഷേമത്തിന് 20 ലക്ഷം രൂപയും പട്ടികജാതിക്ഷേമത്തിന് 30 ലക്ഷം രൂപയും പ്രൈമറി വിദ്യാഭ്യാസം, ലൈബ്രറികൾ, യുവജനക്ഷേമം എന്നിവക്ക് 20 ലക്ഷം രൂപയും വനിതക്ഷേമം കുടുംബശ്രീ ശാക്തീകരണം എന്നിവക്ക് 51 ലക്ഷം രൂപയും ആരോഗ്യം, പാലിയേറ്റീവ് എന്നിവക്ക് 54 ലക്ഷം രൂപയും തെരുവിളക്ക് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും റോഡ് നിർമാണത്തിന് 33 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
സമഗ്ര കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷൻ നടപ്പാക്കുന്നതിനും ജലസ്രോതസ്സുകളുടെ അനുബന്ധ നിർമിതികൾക്കും സ്ഥലം വാങ്ങുന്നതിനും വേനൽക്കാല കുടിവെള്ള വിതരണത്തിനുമായി 72 ലക്ഷം രൂപയും ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
താമരശ്ശേരി: പഞ്ചായത്തിൽ 42,73,86,413 രൂപ വരവും 40,58,48,070 രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് അവതരിപ്പിച്ചു. കുടിവെള്ളത്തിന് അരക്കോടി രൂപയും മാലിന്യ സംസ്കരണത്തിന് 39.70 ലക്ഷവും നീക്കിവെച്ചു. പൊതുറോഡുകൾ എൻ.ആർ.ഇ.ജി.എസ് ഒന്നരക്കോടിയും പൊതുറോഡുകൾക്കായി 55 ലക്ഷം രൂപയും ചെലവഴിക്കും. എം.എൽ.എ ഫണ്ടിലെ ഒരു കോടി രൂപ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഓഫിസ് നവീകരിക്കും. കുടിവെള്ള പദ്ധതികൾക്കായി 21.75 ലക്ഷവും കുടിവെള്ള വിതരണത്തിനായി 18 ലക്ഷവും കുടിവെള്ള അനുബന്ധ നിർമിതികൾക്കായി 15 ലക്ഷവും കുടിവെള്ള സ്രോതസ്സുകൾക്കായി നാല് ലക്ഷവും മാറ്റിവെക്കും.
മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും 30.75 ലക്ഷവും ഖരമാലിന്യ സംസ്കരണത്തിന് ഒമ്പതു ലക്ഷവും വകയിരുത്തി. കാർഷികമേഖല വികസനത്തിനായി 34.8 ലക്ഷവും മൃഗസംരക്ഷണ മേഖലക്കായി 40 ലക്ഷത്തിലേറെ രൂപയും വിദ്യാഭ്യാസ മേഖലക്ക് 32 ലക്ഷവും ശ്മശാനങ്ങളുടെ വികസനത്തിനായി 25 ലക്ഷം രൂപയും മാറ്റിവെക്കും. വൈസ് പ്രസിഡന്റ് എം.കെ. സൗദ ബീവി ബജറ്റ് അവതരിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ 2,15,38,343 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന അന്തിമ ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഡി. ജെയ്സൺ, സ്ഥിരംസമിതി അധ്യക്ഷരായ എ. അരവിന്ദൻ, എം.ടി. അയ്യൂബ് ഖാൻ, കെ. മഞ്ജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.