കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ തുടരാന്‍ നടപടിയായി. ശമ്പളം കുടിശ്ശികയായതിനെത്തുടർന്ന് കോളജിലെ രണ്ടു സ്പീച്ച് തെറപ്പിസ്റ്റുകൾ കഴിഞ്ഞദിവസം രാജി സമർപ്പിച്ചിരുന്നു. തുടർന്ന് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ താൽക്കാലികമായി നിർത്തിവെച്ചു.
എന്നാൽ, ഈ വാർത്ത പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് ഇടപെടുകയും ആശുപത്രി വികസന സമിതി ഫണ്ടിൽനിന്ന് ഇവർക്ക് ശമ്പളം നൽകാൻ തീരുമാനിക്കുകയും രണ്ടു മാസത്തെ കുടിശ്ശിക അനുവദിക്കുകയും ചെയ്തു. ഇതോടെ, തെറപ്പിസ്റ്റുകൾ രാജി പിന്‍വലിച്ച് ഡ്യൂട്ടിയില്‍ കയറാമെന്ന് അറിയിച്ചിട്ടുണ്ട്.
അഞ്ചു സ്പീച്ച് തെറപ്പിസ്റ്റുകളാണ് മെഡിക്കൽ കോളജിലുള്ളത്. രണ്ടുപേർ രാജിവെക്കുന്നതോടെ പ്രവർത്തനം പ്രതിസന്ധിയിലാവുമെന്നതിനാലാണ് ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. ഇത് കേള്‍വിപരിമിതി കാരണം ശസ്ത്രക്രിയ കാത്തിരിക്കുന്ന കുട്ടികളെ പ്രതിസന്ധിയിലാക്കിയിരുന്നു. തെറപ്പിസ്റ്റുകളെ നിയമിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ സാമൂഹിക സുരക്ഷ മിഷന് മെഡിക്കല്‍ കോളജില്‍നിന്ന് നിരവധി തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍, കെ.എസ്.എസ്.എം ഇടപെട്ടില്ല.
ഏഴുമാസം ശമ്പളം കുടിശ്ശികയായതോടെയാണ് സ്പീച്ച് തെറപ്പിസ്റ്റുകള്‍ രാജി നൽകിയത്. മെഡിക്കല്‍ കോളജില്‍ കഴിഞ്ഞമാസം ശസ്ത്രക്രിയ ചെയ്ത മൂന്നു കുട്ടികളുടെ ഇംപ്ലാന്റുകള്‍ തെറപ്പിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ ഇതുവരെ സ്വിച്ച്ഓൺ പോലും ചെയ്തിരുന്നില്ല. ശ്രുതി തരംഗം പദ്ധതി സ്റ്റേറ്റ് ഹെല്‍ത്ത് മിഷനിലേക്ക് മാറ്റിയിട്ടും തെറപ്പിസ്റ്റുകളുടെ ശമ്പള കുടിശ്ശിക നല്‍കാനോ ഉപകരണങ്ങള്‍ അപ്ഗ്രേഡ് ചെയ്യാനോ നടപടി സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.