കോഴിക്കോട്: സർക്കാറിനും പൊലീസിനും വേണ്ടി പ്രോസിക്യൂട്ടർമാർ കേസ് നടത്തുന്നതുപോലെ പ്രതികൾക്കായി സൗജന്യമായി കേസ് നടത്തുന്ന പ്രതിഭാഗം അഭിഭാഷകരുടെ സംഘവും പ്രത്യേക ഓഫിസും ജില്ലയിൽ പുതുവർഷത്തിൽ പ്രവർത്തനം തുടങ്ങും. നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യനീതിയും സംരക്ഷണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ ആദ്യ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സംവിധാനം (എൽ.എ.ഡി.സി.എസ്) ജില്ല കോടതി സമുച്ചയത്തിലാണ് ഒരുങ്ങിയത്. ‘ഈ ഓഫിസിലെ എല്ലാ സേവനവും പൂർണമായി സൗജന്യമാണ്’ എന്ന ബോർഡുമായി ദ്വൈശതാബ്ദി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് കീഴിലുള്ള എൽ.എ.ഡി.സി.എസ് ഓഫിസ് ചൊവ്വാഴ്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലുള്ള പോലെ പബ്ലിക് ഡിഫൻസ് കൗൺസൽ സംവിധാനമാണ് തുടങ്ങുന്നത്.
എറണാകുളത്ത് ഇത് നേരത്തേ തുടങ്ങിയിരുന്നു. കോഴിക്കോട്ടെ ഓഫിസിൽ എല്ലാനേരവും സഹായസന്നദ്ധരായി ഒമ്പതംഗ അഭിഭാഷക സംഘമുണ്ടാവും. പൊലീസ് സ്റ്റേഷനിലെത്തുന്നയാൾക്ക് പ്രധാന ഓഫിസർ എൽ.എ.ഡി.സി.എസ് പാനലിലുള്ള അഭിഭാഷകന്റെ ഫോൺ നമ്പർ നൽകണമെന്നാണ് ചട്ടം. ഏത് നേരത്തായാലും അഭിഭാഷകന്റെ സഹായം ഇതോടെ ലഭ്യമാവും. തുടർന്ന് ജാമ്യമെടുക്കാനും കേസ് നടത്താനുമെല്ലാം സൗജന്യമായി സേവനം ഉപയോഗപ്പെടുത്താം. ലീഗൽ സർവിസസ് നിയമ പ്രകാരം മൂന്ന് ലക്ഷത്തിലേറെ രൂപ വാർഷിക വരുമാനമുള്ള പുരുഷന്മാർക്ക് സൗജന്യ നിയമസഹായത്തിന് അർഹതയില്ല. എന്നാൽ, പുതിയ സംവിധാനമനുസരിച്ച് പ്രാഥമികഘട്ടത്തിൽ ആർക്കും സഹായം കിട്ടും. തുടർന്ന് കേസ് നടത്തുമ്പോൾ മാത്രമെ വരുമാനപരിധിയുടെ പ്രശ്നമുണ്ടാവൂ.
നിലവിൽ ലീഗൽ സർവിസസ് അതോറിറ്റിയുടെ പ്രത്യേക പാനലിൽനിന്നുള്ള അഭിഭാഷകരാണ് നിയമസഹായം നൽകാറ്. എന്നാൽ, പുതിയ സംവിധാനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിച്ച കൂടുതൽ വിദഗ്ധരായ അഭിഭാഷകരുടെ സേവനം കിട്ടുമെന്നതാണ് പ്രധാന വ്യത്യാസം. ചീഫ് ഡിഫൻസ് കൗൺസലും മൂന്ന് ഡെപ്യൂട്ടി ഡിഫൻസ് കൗൺസലും അഞ്ച് അസി. ഡിഫൻസ് കൗൺസൽമാരുമാണ് ഓഫിസിൽ ഉണ്ടാവുക.
ലീഗൽ സർവിസസ് അതോറിറ്റി ജില്ല സെക്രട്ടറി കൂടിയായ ജില്ല ജഡ്ജി എം.പി. ഷൈജലിന് കീഴിൽ അഡ്വ. പി. പീതാംബരൻ (ചീഫ് ഡിഫൻസ് കൗൺസൽ), പി. ജൂന, എ. അൻവർ അലി, പി. മിനി (ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ), പി.കെ. നിർമല, അതുല്യ സത്യൻ, എൻ. മുഹമ്മദ് ആഷിഖ്, എം.കെ. ഷറഫുദ്ദീൻ, പി.പി. ധീരജ് (അസി. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ) എന്നിവരടങ്ങുന്നതാണ് പുതിയ എൽ.എ.ഡി.സി സംവിധാനം. കോഴിക്കോട് സിറ്റിയിലെ 16 പൊലീസ് സ്റ്റേഷനിലെയും കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിക്ക് കീഴിലെ മെഡിക്കൽ കോളജ്, കുന്ദമംഗലം, മാവൂർ എന്നീ മൂന്ന് പൊലീസ് സ്റ്റേഷനിലെയും പരിധിയിലാണ് ആദ്യഘട്ടത്തിൽ സേവനം കിട്ടുക. തുടർന്ന് ജില്ല മുഴുവൻ പദ്ധതി നടപ്പാക്കും. ഫോൺ: 0495 2927800.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.