മുക്കം: തീപാറും പോരാട്ടത്തിനിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ജേണലിസം വിദ്യാർഥി മണാശ്ശേരി മുത്താലം എം. ആതിര ശ്രദ്ധാകേന്ദ്രമാവുന്നു. യൂനിവേഴ്സിറ്റി യൂനിയൻ മെംബറും മാഗസിൻ എഡിറ്ററുമാണ്.
യൂനിവേഴ്സിറ്റി കലോത്സവങ്ങളിൽ തിളങ്ങിയിട്ടുണ്ട്. 23ാം വയസ്സിലാണ് മുക്കം നഗരസഭ 28ാം ഡിവിഷനായ മുത്താലത്ത് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ ഗോദയിലിറങ്ങിയത്. തെൻറ ഡിവിഷനിൽതന്നെ യുവജനങ്ങൾ ആഹ്ലാദത്തോടെയാണ് വരവേറ്റതെന്ന് ആതിര പറഞ്ഞു.
യു.ഡി.എഫ് സ്വതന്ത്ര ബിന്നി മനോജാണ് ആതിരയുടെ എതിരാളി. ബിന്നി മത്സരിക്കുന്നത് ഒാട്ടോറിക്ഷ ചിഹ്നത്തിലാണ്. കൂലിപ്പണിക്കാരുടെ കുടുംബത്തിൽനിന്നാണ് ആതിര കൗൺസിലർ മോഹവുമായി കളത്തിലിറങ്ങുന്നത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡൻറ്, മണാശ്ശേരി മേഖല പ്രസിഡൻറ് എന്നീ മേഖലയിൽ പ്രവർത്തിച്ചു വരുന്നു.
കുന്ദമംഗലം ഗവ. കോളജിൽനിന്ന് ബി.എ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നാണ് ജേണലിസം പി.ജി പൂർത്തിയാക്കിയത്. പത്രപ്രവർത്തനത്തോടൊപ്പം നഗരസഭ കൗൺസിലറായി മുത്തേരി ഗ്രാമവാസികളുടെ വികസന സ്വപ്നങ്ങൾ സഫലമാക്കണമെന്നുണ്ട്. പിതാവ് ബാബുരാജ്, മാതാവ് കമൽ ഭായ്. ഇലക്ട്രീഷ്യനായ സുഭാഷാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.