മുക്കം: യഥാസമയം രക്ഷാപ്രവർത്തനം നടക്കാത്തതിനാൽ കിണറ്റിൽ വീണ മൂന്നു നായ്ക്കളിൽ രണ്ടെണ്ണത്തിന് ജീവൻ നഷ്ടമായി. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് സംഭവം. നാട്ടുകാരുടെ സഹായാഭ്യർഥന അധികൃതർ അവഗണിച്ചതാണ് നായ്ക്കളുടെ ദാരുണാന്ത്യത്തിന് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് സമീപവാസികൾ കിണറ്റിനുള്ളിലെ പൈപ്പിൽ കടിച്ചുതൂങ്ങിയ നിലയിൽ നായ്ക്കളെ കണ്ടത്. നായ്ക്കളെ രക്ഷപ്പെടുത്താൻ മുക്കം അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾ അത്തരം കേസുകൾ ഏറ്റെടുക്കാറില്ലെന്ന് പറഞ്ഞ് സന്നദ്ധ സംഘടനയുടെ നമ്പർ നല്കി തടിയൂരുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് സമീപവാസികൾ ഹാച്ചികോ റസ്ക്യൂ സംഘാംഗങ്ങളുടെ സഹായംതേടുകയായിരുന്നു.
അതിനിടെ രണ്ടു നായ്ക്കൾ പൈപ്പിലെ പിടിവിട്ട് കിണറിന്റെ ആഴത്തിലേക്ക് പതിച്ചു. പൈപ്പിൽ തൂങ്ങിനിന്ന ഒരണ്ണെത്തിനെ ഹാച്ചികോ അനിമൽസ് റസ്ക്യൂ അംഗങ്ങൾ വല ഉപയോഗിച്ച് പുറത്തെത്തിച്ചു. കിണറ്റിലെ വെള്ളം വറ്റിച്ച് പുറത്തെടുത്തപ്പോഴേക്കും മറ്റു രണ്ട് നായ്ക്കളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
തൊട്ടടുത്ത് ആവശ്യമായ രക്ഷാസൗകര്യങ്ങളുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ വിളിച്ചസമയത്ത് എത്തിയിരുന്നെങ്കിൽ നായ്ക്കളുടെ ജീവൻ രക്ഷപ്പെടുത്താമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.അതേസമയം, നായ്ക്കൾ കിണറ്റിൽ വീണ സംഭവം അറിഞ്ഞില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് രക്ഷാനിലയത്തിലേക്ക് ആരും വിളിച്ചില്ലെന്നുമാണ് അധികൃതർ പറയുന്നത്. ഹാച്ചികോ അനിമൽ റസ്ക്യൂ അംഗങ്ങളായ പ്രജീഷ്, ജംഷീർ, അഖിൽ, നൗഷാദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.