മുക്കം: ആസൂത്രണ സമിതി യോഗം ചേർന്നതായി മിനിറ്റ്സിൽ വ്യാജമായി എഴുതിച്ചേർത്തെന്ന പരാതിയുമായി ബന്ധപ്പെട്ട് മുക്കം നഗരസഭയിൽ റീജനൽ ജോ.ഡയറക്ടറുടെ (ആർ.ജെ.ഡി) നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. ആസൂത്രണ സമിതി മിനിറ്റ്സും, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി മിനിറ്റ്സും നഗരസഭയിൽനിന്ന് കടത്തിക്കൊണ്ടുപോയി വ്യാജമായി വിവരങ്ങൾ എഴുതിച്ചേർത്തുവെന്ന് പ്രതിപക്ഷ അംഗങ്ങളും ആസൂത്രണ സമിതിയംഗങ്ങളും ആർ.ജെ.ഡിക്കും ജില്ല പ്ലാനിങ് ഓഫിസർക്കും പരാതി നൽകിയിരുന്നു.
സി.പി.എം, ബി.ജെ.പി ഡിവിഷനുകളിൽ മാത്രമായി വികസനം ഒതുക്കുന്ന തരത്തിലാണ് 2022-23 വർഷത്തെ പദ്ധതികളെന്നും ഇതിന് വേണ്ടിയാണ് ആവശ്യമായ യോഗങ്ങൾ ചേരാതെയും നിയമാനുസൃത നടപടികൾ പാലിക്കാതെയും രഹസ്യമായി പദ്ധതി തയാറാക്കി മിനിറ്റ്സിൽ കൃത്രിമം നടത്തിയതെന്നും പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ നഗരസഭയിൽ അന്വേഷണവും തെളിവെടുപ്പും നടന്നത്.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.കെ. റുബീന, കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, അബു മുണ്ടുപാറ, രാജൻ എടോനി, ആസൂത്രണ സമിതിയംഗങ്ങളായ ടി.ടി. സുലൈമാൻ, ദാവൂദ് മുത്താലം എന്നിവർ ആർ.ജെ.ഡി മുമ്പാകെ ഹാജരായി വിവരങ്ങൾ നൽകി. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രസൂനൻ, ജീവനക്കാരായ അജീഷ്, രാജേഷ് എന്നിവരിൽ നിന്ന് ആർ.ജെ.ഡി മൊഴിയെടുത്തു.
ആസൂത്രണ സമിതി മിനിറ്റ്സ് ആവശ്യപ്പെട്ടിട്ടും അംഗങ്ങൾക്ക് കിട്ടാതെ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പ്രതിപക്ഷ കൗൺസിലർമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപരോധിക്കുകയും നഗരസഭക്ക് മുന്നിൽ ധർണയുൾപ്പെടെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. മിനിറ്റ്സ് നഗരസഭയിൽ എത്തിക്കാൻ നടപടി സ്വീകരിക്കാമെന്ന് മുക്കം പൊലീസ് ഉറപ്പ് നൽകിയതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
മിനിറ്റ്സ് നഗരസഭയിൽ തിരിച്ചെത്തിച്ചതോടെ കൃത്രിമം നടന്നതായി ആക്ഷേപമുയർന്നു.
2022 ജൂൺ 10ന് ആസൂത്രണ സമിതി ചേർന്നതായി മിനിറ്റ്സിൽ രേഖപ്പെടുത്തിയതാണ് പരാതിക്കിടയാക്കിയത്.
ആസൂത്രണ പ്രക്രിയയുടെ നെടുന്തൂണായ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സമിതിയുടെ സെക്രട്ടറി കൂടിയായ നഗരസഭ സെക്രട്ടറിയും അഞ്ച് ആസൂത്രണ സമിതി അംഗങ്ങളും അറിയാതെ എങ്ങനെ സമിതി ചേരാനാകുമെന്നതായിരുന്നു യു.ഡി.എഫ്., വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ പ്രധാന ചോദ്യം. ഇതേ രീതിയിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയും ചേരാതെ വ്യാജരേഖയുണ്ടാക്കിയതായി ആക്ഷേപമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.