മുക്കം: നാട്ടുകാരും പരിചയക്കാരും സ്നേഹത്തോടെ ജബ്ബാര്‍ ഉസ്താദ് എന്ന് വിളിച്ചിരുന്ന സി.ടി. അബ്ദുൽ ജബ്ബാര്‍ നാട്ടുസൗഹൃദങ്ങളുടെ ഉജ്ജ്വല മാതൃക തീര്‍ത്താണ് വിടവാങ്ങിയത്. സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കിയ അദ്ദേഹം സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് നിരന്തരം പ്രയത്നിക്കുകയും ചെയ്തു. കൃഷിയെയും കര്‍ഷകരെയും ചേര്‍ത്തുപിടിച്ചായിരുന്നു ജീവിതം.
കല്ലുരുട്ടി സെൻറ് തോമസ് എല്‍.പി സ്കൂളില്‍നിന്ന് അധ്യാപകനായി വിരമിച്ച ശേഷം ചേന്ദമംഗലൂരിലെ മത സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിന്നു. അറബി ഭാഷയിലും ഖുര്‍ആന്‍ ഹദീസ് വിഷയങ്ങളിലും അവഗാഹമുണ്ടായിരുന്നു. ഇരിട്ടി, ഇരിക്കൂര്‍, പിണങ്ങോട്, വാഴക്കാട്, കല്ലുരുട്ടി, കൊടിയത്തൂര്‍, ചേന്ദമംഗലൂര്‍, മുണ്ടുമുഴി തുടങ്ങിയ സ്ഥലങ്ങളിലെ മദ്റസകളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം അവിടങ്ങളിൽ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ശാന്തപുരം ഇസ്ലാമിയ കോളജിലെയും ചേന്ദമംഗലൂര്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയിലെയും പൂർവ വിദ്യാർഥിയാണ്. ചേന്ദമംഗലൂര്‍ മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി സ്ഥാപക സെക്രട്ടറിയും പുൽപറമ്പ് മസ്ജിദുൽ ഹമ്മാദിയുടെ വൈസ് പ്രസിഡൻറുമായിരുന്നു. ചേന്ദമംഗലൂര്‍ ജി.എം.യു.പി സ്കൂള്‍ ചെയര്‍മാനായിരുന്നു. സീനിയര്‍ സിറ്റിസണ്‍ ഫോറം രൂപവത്കരണത്തിലും പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം അശരണരെയും പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിലും പരിചരിക്കുന്നതിലും സവിശേഷ ശ്രദ്ധ നല്കി.
ആയിപൊറ്റ റസിഡൻറ്സ് അസോസിയേഷന് ചെയര്‍മാനായിരുന്നു.എഴുത്തുകാരനും ദയാപുരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയുമായ സി.ടി. അബ്ദുറഹീം സഹോദരനും അജ്മാന് ഹാബിറ്റാറ്റ് സ്കൂള്‍ എം.ഡി സി.ടി. ശംസു സമാന് പുത്രനുമാണ്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് അജ്മാനില്‍നിന്ന് പ്രത്യേക എയര്‍ ആംബുലന്‍സ് വഴി കേരളത്തിലെത്തിച്ചത് ഒരാഴ്ച മുമ്പായിരുന്നു.
ചേന്ദമംഗലൂരില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ടി.കെ. പോക്കുട്ടി, കെ. സുബൈര്‍, ഇ.എന്‍. അബ്ദുല്ല മൗലവി, കെ.പി. വേലായുധന് മാസ്റ്റര്‍, കെ.പി. അഹമ്മദ് കുട്ടി, പി.എ. കരീം, ശാക്കിര്‍, ബന്ന ചേന്ദമംഗലൂര്‍, ഒ. ശരീഫുദ്ദീന്‍, നാസര്‍ സെഞ്ച്വറി, അബ്ദുറഹ്മാന്, കെ.സി. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
പുൽപറമ്പില് പൗരാവലിയും ആയിപൊറ്റമ്മല് റസിഡൻറ്സ് അസോസിയേഷനും ഹമ്മാദി പള്ളി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടി മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. ശാഫി മാസ്റ്റര്‍, കെ.ടി. റസാഖ്, വി. സുലൈമാന്‍, എ. ഗഫൂര്‍ മാസ്റ്റര്‍, റംല ഗഫൂര്‍, കുഞ്ഞന്‍ പെരുവാട്ടില്‍, കെ.ടി. നജീബ്, മമ്മദ് മാസ്റ്റര്‍, കെ.ടി. മുജീബ്, സി.ടി. തൗഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.