മുക്കം: വേനൽ കനത്തതോടെ ജില്ലയിലെ വാഴക്കർഷകർ ദുരിതത്തിൽ. വാഴകൾ ഒടിഞ്ഞുവീഴുന്നതിനൊപ്പം വ്യാപകമായി വില കുറയുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലാണ് കർഷകർ. ജില്ലയുടെ കിഴക്കൻ മേഖലയിൽ കാരശ്ശേരിയിൽ മാത്രം നിരവധി കർഷകരുടെ വാഴയാണ് നശിച്ചത്. ദിവസവും രണ്ടുനേരം വെള്ളം പമ്പ് ചെയ്ത് നനച്ചിട്ടും കനത്ത ചൂട് കാരണം വാഴകൾ ഒടിഞ്ഞുവീണ് നശിക്കുകയാണ്. കുലച്ച് വിളവെടുക്കാനായ വാഴകളാണ് ഒടിയുന്നത്.
വേനൽ മഴ ലഭിക്കാതായതോടെ തോടുകൾ വറ്റിവരളുകയും പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ കർഷകർ തോടുകളിലെ മണ്ണെടുത്ത് നീക്കി തോട് താഴ്ത്തിച്ച് വെള്ളം പമ്പ് ചെയ്താണ് വാഴ നനക്കുന്നത്. ഇത്തരത്തിൽ നനച്ചുവളർത്തിയ വാഴ വിളവെടുത്ത് വിപണിയിൽ എത്തിയാൽ തുച്ഛമായ വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ വിഷുവിന് 45 രൂപ വരെ ലഭിച്ച പച്ചക്കായക്ക് 27 രൂപ മാത്രമാണ് ലഭിക്കുന്നത്.
ഈ വിലക്ക് പച്ചക്കായ വിൽക്കാനെത്തിയാൽ ആർക്കും വേണ്ടാത്ത സാഹചര്യമാണ് ഉള്ളതെന്നും കാലാവസ്ഥ വ്യതിയാനം മൂലം പച്ചക്കായ പുകവെച്ചിട്ടുപോലും പഴുക്കാത്ത സാഹചര്യമാണെന്നും പ്രദേശത്തെ വരൾച്ചബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
എന്നാലേ കർഷകന് ഇൻഷുറൻസ് ഉൾപ്പെടെ നഷ്ടപരിഹാരം ലഭിക്കൂവെന്നും കർഷകർ പറയുന്നു. വാഴകൾക്ക് മറ്റു രോഗങ്ങളും ബാധിക്കുന്നുണ്ടെന്നും ലക്ഷങ്ങൾ പാട്ടം കൊടുത്തും ലോണെടുത്തും ഇറക്കുന്ന കൃഷി വൻതോതിൽ നശിക്കുന്നതോടെ വലിയ നഷ്ടമാണ് കർഷകന് ഉണ്ടാക്കുന്നതെന്നും കാരശ്ശേരിയിലെ കർഷകനായ രജീഷ് പറഞ്ഞു. സർക്കാർ അനുകൂല നടപടി സ്വീകരിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.