മുക്കം: മക്കളും പേരമക്കളുമെല്ലാമടക്കം അഞ്ച് തലമുറകള്‍ക്ക് സ്നേഹവാത്സല്യം പകര്‍ന്ന അക്കമ്മ മുത്തശ്ശി നൂറാം പിറന്നാളിെൻറ നിറവില്‍. മലയോര മേഖലയിലെ മുത്തശ്ശിമാരിലൊരാളാണ് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ കൈതോണയില് ബിച്ചു മാണിക്യം എന്ന അക്കമ്മ. ഇന്നലെ ഇവരുടെ നൂറാം പിറന്നാള്‍ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആഘോഷമായി കൊണ്ടാടി. അഞ്ച് തലമുറകളുടെ സ്നേഹ സംഗമമായി മാറി. നൂറ് വയസ്സിനുള്ളില്‍ ഒരുപാട് പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് അക്കമ്മ കടന്നുപോയത്.
1920ല്‍ നൊട്ടി, ബിച്ചു പെരവന് ദമ്പതികളുടെ 12ാമത്ത മകളായിട്ടാണ് ജനനം. കൂടപ്പിറപ്പുകളായ 11 പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അന്നത്തെ മൂന്നാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 12ാം വയസ്സില്‍ വിവാഹം. ഭര്‍ത്താവ് ചോയിക്കുട്ടിക്ക് കൂപ്പിലായിരുന്നു ജോലി. കാളവണ്ടിയിലും നടന്നും ബേപ്പൂരില്‍ ജോലിക്ക് പോവുന്ന ഭര്‍ത്താവ് മാസങ്ങള്‍ കഴിയുമ്പോഴാണ് തിരിച്ച് വീട്ടിലെത്താറ്. 63 വര്‍ഷം മുന്നെ ജോലിക്ക് പോയ ഭര്‍ത്താവ് പിന്നീട് തിരിച്ചുവന്നിട്ടില്ല. എന്തുസംഭവിച്ചുവെന്നറിയാത്ത പൊള്ളുന്ന വേദനയിലാണ് അക്കമ്മ തെൻറ നാലു മക്കളെ വളര്‍ത്തിയത്. ഒരു മകന് മരണപ്പെട്ടു.
കടുത്ത ദുരിതങ്ങളിലൂടെ കടന്നുവന്ന ജീവിതകഥകള്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒക്കെ ഈ മുത്തശ്ശി പറഞ്ഞു കൊടുക്കാറുണ്ട്. നെല്ല് കുത്താനും മറ്റു ജോലികള്‍ക്കും പോയി കഠിനാധ്വാനം ചെയ്താണ് മക്കളെ വളര്‍ത്തിയത്. മലബാര്‍ ലഹളയുടെ കാലത്ത് ഉപ്പ് വാങ്ങാന്‍ വേണ്ടി കടയില്‍ പോവുന്ന വഴിയില്‍ കൂടെയുണ്ടായിരുന്ന ആങ്ങളയെ കൂടങ്ങര മുക്കില്‍വെച്ച് ലഹളക്കാര്‍ വെട്ടിക്കൊന്നത് തെൻറ കണ്മുന്നില്വെച്ചാണെന്ന കഥയൊക്കെ അക്കമ്മ പേരമക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.
പ്രായം 100 പിന്നിടുമ്പോഴും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും മുത്തശ്ശിക്കില്ലെന്ന് പേരമകളായ കെ.എസ്. ദിവ്യ പറയുന്നു. വീട്ടില്‍ ഒരുക്കിയ നൂറാം പിറന്നാള്‍ ആഘോഷത്തിന് സാംസ്കാരിക പ്രവര്ത്തകന് ബന്ന ചേന്ദമംഗലൂര്‍, മുസ്തഫ മാസ്റ്റര്‍, കുട്ടി പാര്‍വതി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.