മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുക്കം നഗരസഭയിലെ കച്ചേരി പൊറോലത്ത് കടവ് റോഡിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് തകർന്നുവീണു. മുപ്പതു മീറ്ററോളം ദൂരത്തിൽ റോഡ് പകുതിയോളം ഭാഗം പുഴയിലേക്ക് പതിച്ചിട്ടുണ്ട്. ഇതോടെ, പ്രദേശവാസികൾ ദുരിതത്തിലായി.പ്രദേശത്തെ അഞ്ചോളം വീട്ടുകാർക്ക് ആകെയുള്ള യാത്ര മാർഗമാണ് ഇല്ലാതായത്. പലഭാഗത്തും റോഡിന് വിള്ളലും സംഭവിച്ചിട്ടുണ്ട്. മഴ ഇനിയും ശക്തി പ്രാപിച്ചാൽ റോഡ് ഇനിയും ഇടിയാനുള്ള സാധ്യതയും ഏറെയാണ്.
നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡിവിഷൻ കൗൺസിലർ കെ. ബിന്ദു, കെ. ബാബുരാജ്, കെ.ടി. ഷാജി എന്നിവരും ജലസേചന വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
കൊടുവള്ളി: മേലെ പാലക്കുറ്റിയിൽ പുനൂർ പുഴക്കുകുറുകെയുള്ള വടക്കേടത്ത് തൂക്കുപാലം പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ ഭാഗികമായി തകർന്നു. ശക്തമായ മഴയെത്തുടർന്ന് പൂനൂർ പുഴയിൽ വെള്ളം അസാധാരണമാം വിധം ഉയർന്നിരുന്നു. ഇതിനിടെയാണ് പാലത്തിന്റെ ഒരു ഭാഗം തകർന്നത്. പാലത്തിന്റെ നടപ്പാതക്ക് പൊട്ടലുണ്ട്.
ഒരു വശത്തെ കൈവരിയും തകർന്നു. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാലം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊടുവള്ളി നഗരസഭയെയും കിഴക്കോത്ത് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം തകർന്നത് 75 ഓളം കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. നിലവിൽ ചളി നിറഞ്ഞ വഴിയിലൂടെ ഏറെ ദൂരം താണ്ടി ഒരലാക്കോട് തൂക്കുപാലം വഴിയാണ് പ്രദേശവാസികൾ പുഴ കടക്കുന്നത്. 2004-05 വർഷത്തിൽ സി. മമ്മൂട്ടി എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽനിന്ന് അനുവദിച്ച നാലരലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ പാലം നിർമിച്ചത്. 2018ലെ പ്രളയത്തിൽ മരം വീണ് പാലം തകർന്നിരുന്നു.
പുനരുദ്ധാരണത്തിന് നടപടിയില്ലാതെ വന്നതോടെ നാട്ടുകാർതന്നെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമം നേരത്തെ വാർത്ത നൽകിയിരുന്നു. തകർന്ന പാലത്തിലൂടെ വിവിധ സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ അടിയന്തരമായി പാലം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുക്കം: മുക്കം നഗരസഭയെയും കാരശ്ശേരി ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൃക്കുടമണ്ണ തൂക്കുപാലം തകർന്നു. മലയോരത്ത് മഴ ശക്തി പ്രാപിക്കുകയും ഇരുവഴിഞ്ഞി കരകവിഞ്ഞൊഴുകുകയും ചെയ്തതോടെ വെള്ളത്തിന്റെ കുത്തൊഴുക്കും പുഴയിലൂടെ ഒലിച്ചുവന്ന വൻ മരത്തടികളും മറ്റും പാലത്തിലിടിക്കുകയും ചെയ്തതോടെയാണ് കാലപ്പഴക്കമേറെയുള്ള തൂക്കുപാലം പാടേ തകർന്നത്. ഇരുഭാഗങ്ങളിലും പാലം ഉറപ്പിച്ചുനിർത്തിയിരുന്ന ഇരുമ്പു തൂണുകൾ തകർന്നതോടെ പാലം തൂണുകളിൽനിന്ന് വേർപെട്ട് പുഴയിൽ പതിച്ച അവസ്ഥയിലാണ്. വർഷങ്ങൾക്കുമുമ്പ് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കാരശ്ശേരി ഗ്രാമപഞ്ചായത്താണ് ഇരുവഴിഞ്ഞിക്കുകുറുകെ തൃക്കുടമണ്ണ തൂക്കുപാലം നിർമിച്ചത്. പാലം തകർന്നതോടെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുമാരനല്ലൂർ തടപ്പറമ്പ് പ്രദേശത്തുള്ള വിദ്യാർഥികളുൾപ്പെടെയുള്ള നിരവധി യാത്രക്കാർ മുക്കം ടൗണിലേക്കെത്താൻ ഏറെദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗം കൂടിയാണ് ഇല്ലാതായത്.
കോഴിക്കോട്: പൂനൂർ പുഴ കരകവിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച മുതൽ വീടൊഴിഞ്ഞ കുടുംബങ്ങൾ തിരിച്ചുവീടുകളിലേക്ക് എത്തിത്തുടങ്ങി. മാലിന്യങ്ങളും ക്ഷുദ്രജീവികളും നിറഞ്ഞ വീട് വൃത്തിയാക്കാൻ ദിവസങ്ങൾതെന്ന വേണ്ടിവരും. പൂനൂർ പുഴയുടെ ഇരുകരകളും കവിഞ്ഞ് വെള്ളം പൊങ്ങിയത് മൂർധന്യത്തിലായതോടെ ബുധനാഴ്ച ഉച്ചയോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് വീടൊഴിഞ്ഞത്. ബന്ധുവീടുകളിലും റവന്യൂ വകുപ്പൊരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടിയവരിൽ പലരും ജലനിരപ്പ് കുറഞ്ഞതോടെ വ്യാഴാഴ്ച രാവിലെ മുതൽ വീടുകളിൽപോയി പരിശോധിക്കുകയായിരുന്നു. മിക്ക വീടുകളുടെ തറഭാഗം വരെ ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്.
പ്രദേശത്ത് വൈദ്യുതിയില്ലാത്തതിനാൽ താമസിക്കാനോ വീട് കഴുകി ശുചീകരിക്കാനോ കഴിയാത്ത അവസ്ഥയുമുണ്ട്. പല ഭാഗങ്ങളിലും ബുധനാഴ്ച രാവിലെയോടെ മുടങ്ങിയ വൈദ്യുതി ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. പ്രദേശത്തെ ഓട്ടോമാറ്റിക് വൈദ്യുതി റിലേ സംവിധാനം (ആർ.എം.യു ) യൂനിറ്റ് നാലെണ്ണം വെള്ളത്തിലായതാണ് വൈദ്യുതി മുടങ്ങിയതിന് കാരണമെന്നാണ് അധികൃതർ പറഞ്ഞത്. വേങ്ങേരിക്കാട്, മാളിക്കടവ്, വലിയ പറമ്പത്ത്, തണ്ണീർ പന്തൽ, കുലവൻ കാവ്, വേങ്ങേരി ബൈപാസ് ജങ്ഷൻ, വേങ്ങേരി യു.പി സ്കൂൾ പരിസരം, കാഞ്ഞിരവയൽ, വടക്കിനാൽ പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടതിനാൽ വെള്ളം കുറഞ്ഞിട്ടും താമസിക്കാനെത്താൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് കുടുംബങ്ങൾ പറയുന്നത്. പല വീടുകളിലെയും കിണറുകൾ മലിനവുമാണ്. അവ ശുചീകരിക്കാതെ വീട്ടിലേക്ക് മടങ്ങിയിട്ട് കാര്യമില്ലെന്നാണ് ക്യാമ്പുകളിൽ കഴിയുന്നവർ പറയുന്നത്.
വിവിധ സംഘടനകളും മതസംഘടനകളും രാഷ്ട്രീയപാർട്ടി പ്രവർത്തകരും വീട് ശുചീകരണത്തിന് ഒപ്പം നിൽക്കുന്നത് കുടുംബങ്ങൾക്ക് ഏറെ സഹായകമാണ്. ചുവരുകൾ നനഞ്ഞു കുതിർന്ന വീടുകളിൽ പെട്ടെന്ന് താമസിക്കുന്നത് അത്ര സുരക്ഷയല്ലെന്ന നിർദേശവും അധികൃതർ നൽകുന്നുണ്ട്. ശുചീകരണത്തിനെത്തുന്നവർ ശ്രദ്ധിച്ചു മാത്രമേ അകത്തുകയറാൻ പാടുള്ളൂവെന്നും ഇഴജന്തുക്കൾ ആവാസമുറപ്പിച്ചതും വൈദ്യുതി ഉപകരണങ്ങളിൽനിന്ന് ഷോക്കേൽക്കാനുള്ള സാധ്യതയുള്ളതും അപകടംവരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ക്ലോറിനേറ്റ് ചെയ്യാത്ത കിണറുകളിൽനിന്നുള്ള വെള്ളം കുടിക്കരുതെന്നും നിർദേശമുണ്ട്. കണ്ണാടിക്കൽ, പറമ്പിൽ കടവ്, പൊയിൽത്താഴം, ചെറുവറ്റ, മൂഴിക്കൽ, മോരിക്കര, പൂളക്കടവ്, ഗ്രീൻവേൾഡ്, കിരാലൂർ താഴെ പൊയിൽ, കുറിഞ്ഞിലക്കണ്ടി, വടക്കയിൽ, പുതിയടത്ത് താഴം, അറപ്പൊയിൽ, തൈക്കണ്ടി, പറക്കുളങ്ങര താഴം, മൂത്തേടത്തുകുഴി ഭാഗങ്ങളിലാണ് ഏറെയും കുടുംബങ്ങൾ ഒഴിഞ്ഞുപോയത്.
മാവൂർ: നാല് ദിവസങ്ങളിൽ തുടർന്ന വെള്ളപ്പൊക്കത്തിൽ കെടുതി രൂക്ഷം. തിങ്കളാഴ്ച രാവിലെയോടെ ഉയർന്നുതുടങ്ങിയ ജലനിരപ്പ് വ്യാഴാഴ്ച വൈകുന്നേരവും പൂർണമായി ഇറങ്ങിയിട്ടില്ല. വയലുകളിൽ കൃഷികൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വാഴകൃഷിയാണ് മിക്കയിടത്തും വെള്ളം മൂടിയത്. വെള്ളം ഇറങ്ങാത്തത് വാഴകൃഷിയെ ബാധിക്കും. 500ലധികം കുടുംബങ്ങളാണ് മാവൂരിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടൊഴിഞ്ഞത്. ഇവരിൽ വിരലിലെണ്ണാവുന്ന കുടുംബങ്ങൾ ഒഴികെയുള്ളവരെല്ലാം വീടുകളിലേക്ക് തിരിച്ചെത്തി.
വീട്ടുകാരും ബന്ധുക്കളും മറ്റും ചേർന്ന് വീടുകൾ ശുചീകരിച്ചശേഷമാണ് തിരിച്ചെത്തിയത്. സന്നദ്ധ പ്രവർത്തകരും ശുചീകരണത്തിനിറങ്ങി. മാവൂരിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായിരുന്നു. വെള്ളമിറങ്ങിയതോടെ റോഡുകളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ചെളിയും പായലും നിറഞ്ഞ് റോഡുകളിൽ യാത്ര ദുഷ്കരമായപ്പോൾ നാട്ടുകാർ ചേർന്നാണ് ശുചീകരിച്ചത്.
കുറ്റിക്കാട്ടൂർ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 29, 30 തീയതികളിൽ വീടൊഴിഞ്ഞത് 429 കുടുംബങ്ങള്‍. ഇതില്‍ 48 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കുമാണ് മാറിത്താമസിച്ചത്.
പഞ്ചായത്തില്‍ ആരംഭിച്ച മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ പെരുവയല്‍ സെൻറ് സേവ്യേഴ്സ് യു.പി സ്കൂളിലെ ക്യാമ്പില്‍ 30 കുടുംബങ്ങളില്‍നിന്നുള്ള 94 പേരാണുണ്ടായിരുന്നത്. ചെറുകുളത്തൂര്‍ എ.എല്‍.പി സ്കൂളില്‍ 14 കുടുംബങ്ങളില്‍നിന്നുമുള്ള 53 പേരും ചെറുകുളത്തൂര്‍ ജി.എല്‍.പി സ്കൂളില്‍ നാല് കുടുംബത്തില്‍നിന്നുള്ള 11 പേരുമാണുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെയാണ്ക്യാമ്പുകള് ആരംഭിച്ചത്. ഇതില്‍ പെരുവയല്‍ സ്കൂളിലെ മുഴുവന്‍ പേരും ബുധനാഴ്ച രാവിലെയോടെ വീടുകളിലേക്ക് മടങ്ങുകയും ക്യാമ്പ് അവസാനിപ്പിക്കുകയും ചെയ്തു.
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ കത്തറമ്മൽ പൊന്നും തോറമലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളജിന് താഴ്വാരത്ത് മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നേരത്തേ കോളജിനായി കുന്നിടിച്ച് നിരത്തി കളിസ്ഥലം നിർമിച്ചിരുന്നു. ഇതിന്റെ വലിയ സംരക്ഷണ ഭിത്തി ഇടിഞ്ഞ് തകർന്ന നിലയിലാണ്. കുന്നിന് താഴ്വാരത്തെ 200 വീടുകൾക്ക് ഇത് ഭീഷണിയാണ്. മഴ തുടർന്നാൽ ഇടിഞ്ഞ മണ്ണും കല്ലുമെല്ലാം താഴെയുള്ള വീടുകളിലേക്ക് പതിച്ച് അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോളജ് അധികൃതർ ചെങ്കൽ ഖനനം നടത്തിയ ശേഷം കുഴികളിൽ മണ്ണുനികത്തിയായിരുന്നു കളിസ്ഥലത്തിന്റെ നിർമാണം നടത്തിയത്.
തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ക്രമാതീതമായ രീതിയിൽ ഉറവ വന്നതോടെ കിണറുകളിൽ വെള്ളത്തിന് തിരയിളക്കമുണ്ടാവുകയും വലിയ ശബ്ദങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭയാശങ്കയിലായ പ്രദേശവാസികളിൽ ഏതാനും പേർ ബുധനാഴ്ച വീട് മാറിയിരുന്നു. വ്യാഴാഴ്ച പൊലീസും, വില്ലേജ് ഓഫിസർ, മരശ്ശേരി തഹസിൽദാർ ഹരീഷ്, ഡെപ്യൂട്ടി തഹസിൽദാർ രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മറ്റുള്ളവരോടും മാറി താമസിക്കാൻ നിർദേശം നൽകുകയായിരുന്നു. കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുമെന്നും റവന്യൂ അധികൃതർ പറഞ്ഞു. വലിയപറമ്പ് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായി വാർഡ് മെംബർ കെ.കെ.എ. ജബ്ബാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.