മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ കരിങ്കൽ ഖനനത്തിന് പഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് ഭരണസമിതി യോഗം സസ്പെൻഡ് ചെയ്തു. ഹൈകോടതി നിർദേശപ്രകാരം സെക്രട്ടറി നല്കിയ അനുമതിയാണ് വിവാദങ്ങളും, പ്രതിഷേധവും കണക്കിലെടുത്ത് ഇന്നലെ ചേർന്ന പ്രത്യേക ഭരണസമിതി യോഗം ആറു മാസത്തേക്ക് തടഞ്ഞത്.
ഖനനം മൂലമുള്ള പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഉപസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ടും ജൈവ വൈവിധ്യ ബോർഡിന്റെ റിപ്പോർട്ടും പരിഗണിച്ചാവും തുടർ നടപടികൾ. സർട്ടിഫിക്കറ്റുകൾ നൽകിയ വിവിധ വകുപ്പുകൾക്ക് കത്തുകൾ അയക്കാനും യോഗം തീരുമാനിച്ചതായി പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു.ക്വാറിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സെക്രട്ടറി ഭരണസമിതിയെ അറിയിച്ചിരുന്നില്ലെന്നും പ്രസിഡൻറ് പറഞ്ഞു.
അതേ സമയം ക്വാറിക്ക് അനുവദിച്ച ലൈസൻസ് റദ്ദ് ചെയ്യാത്ത നടപടി ക്വാറി ഉടമകളുമായുള്ള ഒത്തുകളിയുടെ ഭാഗമാണന്ന് ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ലൈസൻസ് റദ്ദ് ചെയ്ത് കോടതിയിൽ പോകണമെന്നും, 2007 ലെ ഉരുൾപൊട്ടൽ സമയത്ത് ഭൗമശാസ്ത്ര വിഭാഗം ഉൾപ്പെടെ നടത്തിയ പഠനത്തിൽ കാരശേരിയിൽ ഇത്തരം പ്രവൃത്തികൾക്ക് അനുമതി നൽകരുതെന്ന് നൽകിയ റിപ്പോർട്ട് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും എൽ.ഡി.എഫ് മെംബർമാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാത്തതിനെ തുടർന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
മൂന്ന് മാസം മുമ്പ്നൽകിയ അപേക്ഷ ഭരണസമിതി യോഗത്തിൽ കൊണ്ടു വരാതെ വൈകിപ്പിച്ച് കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കാൻ ക്വാറി ഉടമസ്ഥന് അനുകൂല നിലപാട് സ്വീകരിക്കുകയാണ് ചെയ്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യത്തിൽ മറുപടി പറയാൻ ബാധ്യസ്ഥയാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ലൈസൻസ് റദ്ദാക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ഇടത് മെംബർമാർ പറഞ്ഞു.
മുക്കം: ക്വാറിക്ക് ഭരണസമിതി അറിയാതെ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക ഭരണസമിതി യോഗം ബഹളമയം. രാവിലെ പതിനൊന്നരയോടെ ആരംഭിച്ചു യോഗത്തിന് പ്ലാക്കാഡുകളുമായാണ് എൽ.ഡി.എഫ് അംഗങ്ങൾ എത്തിയത്. അജണ്ടയുടെ ഭാഗമായി, ക്വാറി സംബന്ധിച്ച് ലഭിച്ച പരാതികൾ പ്രസിഡന്റ് വായിക്കാൻ തുടങ്ങിയതോടെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു.
ക്വാറിക്ക് ലൈസൻസ് അനുവദിച്ചതു സംബന്ധിച്ച് ആദ്യം സെക്രട്ടറി വിശദീകരിക്കണമെന്നതായിരുന്നു ആവശ്യം.ഇത് അംഗീകരിക്കാതെ വന്നതോടെ പ്രസിഡന്റിൽ നിന്ന് കടലാസുകൾ പിടിച്ചു വാങ്ങി എറിഞ്ഞതോടെ പ്രതിരോധവുമായി യു.ഡി.എഫ് അംഗങ്ങളും രംഗത്തിറങ്ങി. എടാ, പോടാ വിളികളും, വാക്കേറ്റവും, പോർവിളികളുമായി മുക്കാൽ മണിക്കൂറിലധികം സമയം സംഘർഷഭരിതവും ബഹളവുമായിരുന്നു. ബഹളത്തിനിടയിൽ പരാതികൾ വായിച്ചു തീർത്ത് പ്രസിഡൻറ് ഇരുന്നതോടെയാണ് ഏറ്റുമുട്ടൽ അവസാനിച്ചത്. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഭരണസമിതി തീരുമാനമെടുത്തതോടെ എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.