മുക്കം: സംസ്ഥാനപാത തകർന്ന് കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായി. കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനും എരഞ്ഞിമാവിനും ഇടയിലാണ് യാത്രക്കാർക്ക് ഏറെ ദുരിതം. ഈഭാഗത്ത് പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.
മുക്കം പാലത്തിന് സമീപം, കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം, നോർത്ത് കാരശ്ശേരി മുസ്ലിം പള്ളിക്ക് മുൻവശം, ഓടത്തെരുവ്, ആദം പടി ഭാഗങ്ങളിലാണ് റോഡ് വലിയതോതിൽ തകർന്നത്.
നോർത്ത് കാരശ്ശേരിയിൽ റോഡിൽ വലിയ കുഴിതന്നെ രൂപപ്പെട്ടിട്ടുണ്ട്. മഴയാരംഭിച്ചതോടെ ഈ കുഴികൾ വെള്ളക്കെട്ടുകളായി മാറി. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴം മനസ്സിലാവാതെ ചെന്നുചാടി വാഹനങ്ങൾ അപകടത്തിൽപെടാറുണ്ട്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് അപകടത്തിൽപെടുന്നവരിൽ അധികവും. റോഡിലെ വെള്ളക്കെട്ടും കുഴികളുംമൂലം കാൽനടപോലും ദുഷ്കരമാണ്.
കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപമുള്ള കുഴികളിൽ മഴക്കാലത്തിന് മുമ്പ് ക്വാറികളിൽനിന്നുള്ള കരിങ്കൽപൊടിയും ചീളുകളുംകൊണ്ട് വന്നിട്ടതിനാൽ വലിയ വാഹനങ്ങൾക്ക് പ്രയാസമില്ലാതെ കടന്നുപോകാനാവും.
റോഡിലെ കുഴികളും വെള്ളക്കെട്ടും ഇരുചക്രവാഹനയാത്രക്കാരും ഓട്ടോ യാത്രക്കാരുമൊക്കെയാണ് ഏറെ കഷ്ടത്തിലാക്കുന്നത്.
നിലവിൽ കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് വരെയുള്ള റോഡിൻെറ പ്രവൃത്തിക്ക് 224 കോടി രൂപയോളം സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ, പ്രവൃത്തി അനന്തമായി നീളുകയാണ്. മഴ കൂടിത്തുടങ്ങിയതോടെ പ്രവൃത്തി എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. റോഡിൽ രൂപപ്പെട്ട വാരിക്കുഴികളെങ്കിലും താൽക്കാലികമായി അടക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.