മുക്കം: ജൈവമാലിന്യ സംസ്കരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് മുക്കം നഗരസഭ നിർമിച്ച എയ്റോബിക് പ്ലാന്റുകൾ നോക്കുകുത്തികളാകുന്നു. നാല് വർഷം മുമ്പ് നിർമിച്ച പ്ലാന്റുകളാണ് ലക്ഷ്യംകാണാതെ കിടക്കുന്നത്. മണാശ്ശേരി ഗവ. യു.പി സ്കൂളിൽ നിർമിച്ച പ്ലാന്റ് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുപോലുമില്ല.
16 ലക്ഷത്തോളം രൂപ ചെലവഴിച്ച് നഗരസഭയിലെ മണാശ്ശേരി ഗവ. യു.പി സ്കൂളിലും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മുക്കം സി.എച്ച്.സിയിലും മുക്കം ബസ് സ്റ്റാൻഡിലും നിർമിച്ച എയ്റോബിക് പ്ലാന്റുകളാണ് പ്രവർത്തിക്കാതെ കിടക്കുന്നത്. നഗരത്തിലെ ഇലകൾ ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും സംസ്കരിക്കാനാണ് നഗരസഭ കാര്യാലയത്തിന് സമീപം പ്ലാന്റ് നിർമിച്ചത്. എന്നാൽ, പ്ലാന്റ് പ്രവർത്തിപ്പിക്കാനാവശ്യമായ ഇനോക്കുലം ബാക്ടീരിയകൾ സൂക്ഷിക്കാനാണ് ഈ പ്ലാന്റ് ഇന്ന് ഉപയോഗിക്കുന്നത്.
സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളും ഇലകളും മറ്റും കാര്യക്ഷമായി സംസ്കരിക്കാനാണ് സ്കൂളുകളിൽ പ്ലാന്റ് സ്ഥാപിച്ചത്. ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നീലേശ്വരം സ്കൂളിൽ പ്ലാന്റ് നിർമിച്ചത്. 2020 ഫെബ്രുവരിയിൽ പ്ലാന്റ് ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല.
നബാർഡിന്റെയും ശുചിത്വമിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ പ്ലാന്റുകൾ നിർമിച്ചത്. പ്ലാന്റുകൾ പ്രവർത്തിപ്പിക്കാത്തതിന് അധികൃതർക്ക് കൃത്യമായി മറുപടിയില്ല. നിർമാണത്തിലെ അപാകതയും പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ശാസ്ത്രീയവശം അറിയാത്തതുമാണ് പ്രശ്നത്തിന് കാരണമെന്നാണ് അധ്യാപകർ പറയുന്നത്. എയ്റോബിക് പ്ലാന്റുകൾ പൂർണമായും പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ തുടങ്ങിയിട്ടുട്ടെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.