മുക്കം: പൊട്ടിപ്പൊളിത്ത് ജീർണിച്ച കെട്ടിടത്തിൽ പോരായ്മകൾക്ക് നടുവിൽ മുക്കം പോസ്റ്റ് ഒാഫിസ്. ആവശ്യാനുസരണമുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഇല്ലാത്തതിന്റെ പേരിൽ ഇവിടെയെത്തുന്നവരും ജീവനക്കാരും ഒരുപോലെ നട്ടം തിരിയുകയാണ്. മലയോര മേഖലയിലെ പ്രധാന കേന്ദ്രമായ ഈ സബ് പോസ്റ്റ് ഓഫിസിന് കീഴിൽ മുക്കം നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിലുമായി എട്ട് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്.
രജിസ്ട്രേഡ് കത്തുകളും പാഴ്സലുകളും കാഷ് ഓൺ ഡെലിവറി (സി.ഒ.ഡി) ഉൾപ്പെടെ ദിവസേന ശരാശരി 500 തപാൽ ഉരുപ്പടികൾ ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. വൈദ്യുതി മുടങ്ങിയാൽ പകരം പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ ഉണ്ടെങ്കിലും അതു പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.
കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ യു.പി.എസ് സൗകര്യവുമില്ലാതായതോടെ വൈദ്യുതി ഇല്ലെങ്കിൽ കമ്പ്യൂട്ടറുകളുടെ പ്രവർത്തനവും നിലക്കും. ഇതോടെ സി.ഒ.ഡി, പാർഴ്സൽ ഉൾപ്പെടെ കാര്യങ്ങൾ യഥാസമയം നടക്കാതെ വരുകയാണ്. ഇത് പലപ്പോഴും ആവശ്യക്കാരും ജീവനക്കാരും തമ്മിൽ ഉരസലിന് വഴിവെക്കുന്നുണ്ട്. തൊട്ടടുത്ത കൊടുവള്ളി, കുന്ദമംഗലം പോസ്റ്റ് ഓഫിസുകൾ വരെ പോസ്റ്റൽ ഡിപ്പാർട്മെൻറിന്റെ മെയിൽ വാൻ സൗകര്യം ലഭിക്കുമ്പോൾ മുക്കത്ത് ഇപ്പോഴും ബസുകൾ തന്നെയാണ് ശരണം.
വൈദ്യുതി തകരാർ ഉൾപ്പെടെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടാൽ, യഥാസമയം തപാൽ ഉരുപ്പടികൾ ബസിൽ കയറ്റിവിടാനാകില്ല. ഇത് തെല്ലൊന്നുമല്ല ദുരിതമാകുന്നത്. 23 സ്ഥാപനങ്ങളിൽ നിന്ന് വർഷം തോറും പോസ്റ്റ് ബോക്സ് സൗകര്യത്തിന് 150 രൂപ ഈടാക്കുന്നുണ്ട്. ബാങ്ക് ലോക്കർ സംവിധാനം പോലെ പ്രവർത്തിക്കേണ്ടതാണ് ഇത്. എന്നാൽ, നാളിതുവരെ ഒറ്റയാൾക്കും പെട്ടി സൗകര്യമില്ല. ഇവർക്ക് വരുന്ന സാധനങ്ങൾ ഓഫിസിനകത്ത് മറ്റ് സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.
ഇവിടത്തെ പ്രധാന തപാൽ പെട്ടിയുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. തുരുമ്പെടുത്ത് ഭാഗികമായി നശിച്ചതിനാൽ ഇതിൽ ഉരുപ്പടികൾ ഇട്ടാൽ മഴനനഞ്ഞ് നശിക്കുമെന്ന് ഉറപ്പാണ്.
കെട്ടിടത്തിന്റെ കാര്യമാണ് ഏറെ കഷ്ടം. പല ഭാഗത്തും പൊട്ടലുകളുണ്ട്. ചില ഭാഗത്ത് സീലിങ് അടർന്നുവീണിട്ടുണ്ട്. സൗകര്യപ്രദമായ ശുചിമുറി പോലുമില്ല. തപാൽ സേവനത്തിനൊപ്പം ബാങ്കിങ്, ഇൻഷുറൻസ്, ആധാർ അപ്ഡേഷൻ ഉൾപ്പെടെ ഒട്ടേറെ സേവനങ്ങൾ ഇപ്പോൾ തപാൽ ഓഫിസുകൾ വഴി നടക്കുന്നുണ്ട്. എന്നാൽ, ഇതിനെല്ലാം മതിയായ ജീവനക്കാരും ഇവിടെയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.