മുക്കം: മുക്കം സർവിസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കുണ്ടായിരുന്ന ഓഹരി ചേർക്കാനുള്ള അധികാരം രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് സതീഷ് നൈനാനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബാങ്ക് ഭരണസമിതി െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് നടപടികൾ നടന്നുവരവേ, കുന്ദമംഗലം യൂനിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ബാങ്കിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി കാണിച്ച് 2020 ഡിസംബർ 28ന് ബാങ്ക് ഭരണസമിതിയെ സഹകരണ ജോ.രജിസ്ട്രാർ സസ്പെൻഡ് ചെയ്തിരുന്നു. അന്നു മുതൽ ആഗ സ്റ്റ് ആറുവരെ അഡ്മിനിസ്ടേറ്ററും, അതിനുശേഷം സി.പി.എം നേതാക്കളായ വി.കെ. വിനോദ്, വി. കുഞ്ഞൻ മാസ്റ്റർ, കെ.ടി. ശ്രീധരൻ എന്നിവരടങ്ങിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കുമാണ് ബാങ്കിൻെറ ഭരണ ചുമതല. ഇതു സംബന്ധിച്ച് യു.ഡി.എഫ് അംഗങ്ങൾ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ യു.ഡി.എഫ് ഭരണസമിതിക്ക് അനുകൂലമായി സഹകരണ ട്രൈബ്യൂണൽ കഴിഞ്ഞാഴ്ച വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഹൈകോടതി വിധി കൂടി യു.ഡി.എഫിന് അനുകൂലമായി വന്നിരിക്കുന്നത്.
2018 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക വരണാധികാരി തള്ളിയതിനെ തുടർന്നാണ് സംഭവങ്ങൾക്ക് തുടക്കം. ഇതിനെതിരെ സ്ഥാനാർഥികൾ ഹൈകോടതിയെ സമീപിക്കുകയും മത്സരിക്കാൻ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിെച്ചങ്കിലും, പരാജയപ്പെട്ട സഹകരണ മുന്നണി സ്ഥാനാർഥികൾ സഹകരണ ആർബിട്രേഷൻ കോടതിയെ സമീപിച്ചു.
ഇതിനെ തുടർന്ന് വരണാധികാരി നോമിനേഷൻ തള്ളിയ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം റദ്ദാക്കി കൊണ്ടും, തോറ്റവരെ വിജയികളായി പ്രഖ്യാപിച്ചുകൊണ്ടും 2021 മാർച്ച് 21ന് ആർബിട്രേഷൻ കോടതി ഉത്തരവിട്ടു. തുടർന്ന് ബാങ്കിലെ യു.ഡി.എഫ് ഡയറക്ടർമാർ സഹകരണ ട്രൈബ്യൂണലിനെ സമീപിച്ചു. സഹകരണ ട്രൈബ്യൂണൽ, ആർബിട്രേഷൻ കോടതി വിധി റദ്ദാക്കുകയും, യു.ഡി.എഫ്. അംഗങ്ങളുടെ വിജയം അംഗീകരിക്കുകയും ചെയ്ത് ഉത്തരവിട്ടു.10 ദിവസത്തിനകം ഇവർക്ക് അധികാര ചുമതല നൽകണമെന്നും കേരള സഹകരണ ട്രൈബ്യൂണൽ എസ്.കൃഷ്ണകുമാറിൻെറ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ഇതുവരെ ചുമതല കൈമാറിയിട്ടില്ലെന്ന് യു.ഡി.എഫ് ചെയർമാൻ ടി.ടി. സുലൈമാനും ബാങ്ക് ഡയറക്ടർ ഒ.കെ. ബൈജുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.