മുക്കം: വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്തെ നഗരസഭകളിൽ മുക്കം ഒന്നാമതെത്തി. പദ്ധതി ഫണ്ട് ജനറൽ, എസ്.സി, പട്ടികവർഗ പദ്ധതി എന്നിവയിലുള്ള പ്രകടനം അടിസ്ഥാനമാക്കിയാണ് സ്ഥാനം നിർണയിക്കുന്നത്. 49.54 ശതമാനം തുക ചെലവഴിച്ചാണ് മുക്കം നഗരസഭ ഒന്നാമതെത്തിയത്.
47.75 ശതമാനം പദ്ധതികൾ പൂർത്തീകരിച്ച കുന്നംകുളം രണ്ടാം സ്ഥാനത്തെത്തി. 46.83 ശതമാനത്തോടെ ചാവക്കാട് മൂന്നാം സ്ഥാനത്താണ്. കോവിഡ് കാലത്ത് വാർഡ് സഭകളും യോഗങ്ങളും ചേരാൻ സാധ്യമല്ലാതിരുന്ന ഘട്ടങ്ങളിൽ വാട്സ്ആപ്പും മറ്റു സോഷ്യൽ മീഡിയകളും ഉപയോഗിച്ചാണ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിച്ചത്.
വ്യക്തിഗത പദ്ധതികൾ ഗുണഭോക്താക്കളെ അറിയിക്കാൻ വാർഡ് കൗൺസിലർമാർ അഡ്മിൻമാരായി വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ചു. സമയബന്ധിതമായി പദ്ധതി നിർവഹണം നടത്താൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഉപസമിതികൾ രൂപവത്കരച്ചു.
നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പദ്ധതികൾ അവലോകനം നടത്തി. നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള പദ്ധതികളിൽ നഗരസഭ സംഘത്തിന്റെ ഇടപെടൽ ഉറപ്പാക്കുകയും ചെയ്തു.
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാനാവിഷ്കൃത പദ്ധതികളും സംയോജിപ്പിച്ച് നടപ്പാക്കാനായതാണ് മറ്റൊരു നേട്ടം. മൂന്ന് മാസങ്ങൾക്കുള്ളിൽ 100 ശതമാനം പദ്ധതി എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. 2017-18 വർഷത്തിലും 2018-19 വർഷത്തിലും 100 ശതമാനം പദ്ധതി നേട്ടവുമായി മുക്കം നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
പദ്ധതി നിർവഹണത്തിൽ മികവുകാട്ടിയ നിർവഹണ ഉദ്യോഗസ്ഥരെ നഗരസഭ ചെയർമാൻ പി.ടി. ബാബു, സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.