മുക്കം: ബൈക്ക് കഴുകുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർവിസ് സ്റ്റേഷൻ ഉടമകൾക്കും സുഹൃത്തിനുമെതിരെ ഗുണ്ടാ മോഡൽ ആക്രമണം. തിങ്കളാഴ്ച ഉച്ചയോടെ മുക്കം അഭിലാഷ് ജങ്ഷനിലെ നയൻറിസ് സർവിസ് സ്റ്റേഷനിലും മുക്കം ഗവ. ആശുപത്രിയിലുമായാണ് സംഭവം. സർവിസ് സ്റ്റേഷൻ ഉടമകളായ കൊടിയത്തൂർ തടായി റുജീഷ് റഹ്മാൻ (26), നെല്ലിക്കാപറമ്പ് പാറമ്മൽ യാസിർ (25), സുഹൃത്ത് വൈശ്യംപുറം സ്വദേശി നഹാസ് (26) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ റുജീഷ് റഹ്മാനെ മുക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ ആക്രമിസംഘം, പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി യാസിറിനെയും നഹാസിനെയും മർദിക്കുകയായിരുന്നു.
വാഹനത്തിെൻറ താക്കോലുകൊണ്ട് കഴുത്തിന് കുത്തേറ്റ യാസിറും കവിളിൽ കുത്തേറ്റ നഹാസും ആശുപത്രിയിൽ ചികിത്സതേടി. മൂക്കിനും കവിളിലെ എല്ലിനും ഗുരുതരമായി പരിക്കേറ്റ് മാമ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള റുജീഷിനെ കവിളിലെ ഗുരുതര പരിക്ക് കാരണം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായെത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് യുവാക്കളെ ക്രൂരമായി മർദിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിലുണ്ട്.
തിരുവോണ ദിനത്തിലുണ്ടായ സംഭവങ്ങളുടെ തുടർച്ചയാണ് തിങ്കളാഴ്ച ഉണ്ടായതെന്ന് മുക്കം പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ സർവിസ് സ്റ്റേഷനിലെത്തിയ ആക്രമികളിൽ ഒരാൾ തെൻറ ഇരുചക്രവാഹനം കഴുകി വൃത്തിയാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. അത്യാവശ്യമായി ഒരു വാഹനം കഴുകാനുള്ളതിനാൽ കട തുറന്നതാണെന്നും തിരുവോണമായതിനാൽ ജോലിക്കാർ അവധിയാണെന്നും റുജീഷ് ഇയാളോട് പറഞ്ഞു.
തിരുവോണ ദിനത്തിൽ എത്തിയ ഉപഭോക്താവിനെ മടക്കിവിടുന്നത് ശരിയല്ലെന്ന് തോന്നിയ റുജീഷ് തിരക്കൊഴിഞ്ഞശേഷം വെള്ളം ഒഴിച്ച് സൗജന്യമായി വാഹനം കഴുകി. സോപ്പും മറ്റും ഉപയോഗിച്ചിട്ടില്ലെന്നും മറ്റൊരു ദിവസം വന്നാൽ വൃത്തിയായി കഴുകിത്തരാമെന്നും അറിയിച്ചെങ്കിലും ബൈക്കുടമ തെൻറ സുഹൃത്തുക്കളെ വിളിച്ച് ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. നാട്ടുകാരും മറ്റു വ്യാപാരികളും ഇടപെട്ട് പ്രശ്നം മയപ്പെടുത്തുകയായിരുന്നു. ഇതിെൻറ തുടർച്ചയാണ് ഇന്നലത്തെ അക്രമ സംഭവങ്ങളെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.