മുക്കം: പൊലീസ് സ്റ്റേഷനിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കടത്തിയ മണ്ണുമാന്തിക്ക് പകരം മറ്റൊരു മണ്ണുമാന്തി സ്റ്റേഷനിൽ കൊണ്ടുവെക്കുന്നതിനായി വാഹനം നിർത്തിയിട്ടിരുന്ന സ്ഥലമായ മുക്കം ഹൈസ്കൂൾ റോഡ്, പ്രതികൾ ഗൂഢാലോചന നടത്തിയ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തിച്ചാണ് മുക്കം ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
അതിനിടെ സ്റ്റേഷനിൽ വാഹനമില്ലാത്തത് പൊലീസിനും ദുരിതമായി. മെഡിക്കൽ പരിശോധനക്കടക്കം പ്രതികളെ നടത്തിച്ചാണ് കൊണ്ടുപോയത്. മറ്റൊരു സ്റ്റേഷനിൽനിന്ന് വാഹനമെത്തിച്ചാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
പ്രതികളായ മണ്ണുമാന്തി ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാർട്ടിൻ മാതാളിക്കുന്നേൽ (32), കെ.ആർ. ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവരെ കഴിഞ്ഞദിവസം അന്വേഷണ സംഘം രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുക്കം ഇൻസ്പെക്ടർ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സെപ്റ്റംബർ 19ന് കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയാണ് ഉടമയുടെ മകനും സംഘവുംചേർന്ന് കടത്തിക്കൊണ്ടുപോയത്. അപകടം നടക്കുമ്പോൾ മണ്ണുമാന്തിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതാണ് മാറ്റിവെക്കാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.