മുക്കം: ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മണ്ഡലകാല വ്രതാരംഭത്തോടനുബന്ധിച്ച് മുക്കം നീലേശ്വരം ശിവക്ഷേത്രത്തിൽ നിന്നും, ചെറുവണ്ണൂർ വിഷ്ണു ക്ഷേത്രത്തിൽ നിന്നും ഇഡലിയും, സാമ്പാറും കഴിച്ച 22 പേർക്കാണ് ഛർദിയും, വയറിളക്കവും ബാധിച്ചത്. രാവിലെ വിതരണം ചെയ്തതിനു ശേഷം ബാക്കി വന്ന ഭക്ഷണം രാത്രിയിൽ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കവും ഛർദിയുമുണ്ടായ ഇവരിൽ ഏഴുപേരെ മുക്കം സി.എച്ച്.സി യിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഛർദിയും ക്ഷീണവും കൂടുതലായി അനുഭവപ്പെട്ട നീലേശ്വരം മരുതോരകുന്നുമ്മൽ നിധിൻ (24) കോഴിക്കോട് മെഡിക്കൽ കോളജിലും, രാരംകോട്ടുമ്മൽ നളിനി (42), മകൻ ഹരികൃഷ്ണൻ (16), മുതുവാട്ടു കുന്നുമ്മൽ അൽഷിം (20), പൂക്കാല ശ്രീദേവി (48), അമ്പലക്കുന്നുമ്മൽ ഷഹ്ന (27), മഠത്തിൽ മനു പ്രസാദ് (40), പുത്തുംപറമ്പിൽ ശ്വേത (14) എന്നിവർ മുക്കം സി.എച്ച്.സി യിലും ചികിത്സയിലാണ്. ഏഴു വയസ്സുകാരി ദിയ സുധീഷിനെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മുക്കം ഗവ. ആശുപത്രിയിലും, മുക്കം, ഓമശ്ശേരി ഭാഗങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രഥമ ചികിത്സ തേടി.
കാറ്ററിങ് സർവിസുകാർ തയാറാക്കിയ ഭക്ഷണമാണ് ക്ഷേത്രത്തിലെത്തിച്ച് വിതരണം ചെയ്തത്. രാവിലെ വിതരണം ചെയ്ത് ബാക്കിയായ ഭക്ഷണം രാത്രിയിലും വിതരണം ചെയ്യുകയായിരുന്നു. ഏെ റക്കാലം ഉപയോഗിക്കാതിരുന്ന പാത്രങ്ങൾ അണുവിമുക്തമാക്കാതെ ഉപയോഗിച്ചതും, പഴകിയ ഭക്ഷണം കഴിച്ചതുമായിരിക്കാം ഭക്ഷ്യവിഷബാധക്ക് കാരണമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ആരോഗ്യ വകുപ്പ് ജീവനക്കാരായ ശ്രീജിത്ത്, റോഷൻ, അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗങ്ങളിലെ വീടുകളിൽ സന്ദർശനം നടത്തി. കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.