കോഴിക്കോട്: ശ്രോതാക്കളുടെ വികാരം മാനിക്കാതെ ആകാശവാണി കോഴിക്കോട് റിയൽ എഫ്.എം നിർത്തലാക്കിയതിനെതിരെ വ്യാപകപ്രതിഷേധം. കോഴിക്കോടും സമീപജില്ലകളിലും ഇന്ത്യക്ക് പുറത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുൾപ്പെടെ ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള റിയൽ എഫ്.എം റിലേ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് അധികൃതർ. കോഴിക്കോടുനിന്നുള്ള ജനപ്രിയ പരിപാടികൾ മുടക്കി വിവിധ് ഭാരതി ആകാശവാണി മലയാളം പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്.
റിയൽ എഫ്.എം സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കുന്നതോടെ നൂറുകണക്കിന് താൽക്കാലിക ജീവനക്കാർക്കും മലബാറിലെ കലാകാരന്മാർക്കും തൊഴിൽ നഷ്ടവുമുണ്ട്.
പരസ്യവരുമാനത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കോഴിക്കോട് റിയൽ എഫ്.എം സ്റ്റേഷൻ. സാമ്പത്തികമായി പരാജയമല്ലായിരുന്ന ഈ എഫ്.എം നിലയം നിർത്തലാക്കിയ നടപടിയുടെ കാരണം വ്യക്തമല്ല. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ചും താൽക്കാലിക ജീവനക്കാരുടെ ജീവനോപാധി കണക്കിലെടുത്തും നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.
കേരളത്തിൽ പ്രൈം ടൈമിൽ ഒരുവിധ പരസ്യവരുമാനവും ഇല്ലാത്ത അന്യഭാഷാ പരിപാടികൾ റിലേ ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ആകാശവാണി നിലയത്തിലെ നിലവിലെ കാലഹരണപ്പെട്ട എ.എം ട്രാൻസ്മിറ്ററുകൾ എ.എം, എഫ്.എം ബാൻഡുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ ബ്രോഡ്കാസ്റ്റിങ് സംവിധാനമായ ഡി.ആർ.എമ്മിലേക്ക് മാറ്റണം. ഒരുവിധ മുൻകൂർ അറിയിപ്പുമില്ലാതെയായിരുന്നു പ്രസാർ ഭാരതിയുടെ നടപടി. മുമ്പും സമാനമായ നടപടികൾ പ്രസാർഭാരതിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ബഹുജന പ്രക്ഷോഭം കാരണം തീരുമാനം നടപ്പാക്കാനായിരുന്നില്ല. ആകാശവാണി റിയൽ എഫ്.എം റിലേ കേന്ദ്രമാക്കി മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാകുറിനും,പ്രസാർ ഭാരതി സി.ഇ.ഒക്കും കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.