representational image

റൂട്ട് മാറി സർവിസ്; സ്വകാര്യ ബസുകൾക്ക് പിഴ

വൈത്തിരി: റൂട്ട് മാറിയോടിയതിന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ ജില്ലയിലെ സ്വകാര്യ ദീർഘദൂര ബസുകൾക്കു കനത്ത പിഴ ചുമത്തി. ദേശസാൽകൃത മേഖലയായ കോഴിക്കോട്-വയനാട് റൂട്ടിൽ ഫെയർ സ്റ്റേജ് അനുസരിച്ചു പൂക്കോട് തടാകം വഴിയും കൽപറ്റ ഗവ. കോളജ് വഴിയുമാണ് സ്വകാര്യ ബസുകൾ സർവിസ് നടത്തേണ്ടത്.

ഈ പ്രദേശങ്ങളിലെ റോഡുകൾ ബസുകൾക്ക് ഓടാൻ പറ്റാത്തവിധം ദുഷ്കരമാണ്. പൂക്കോട് തടാകത്തിനടുത്തുള്ള പാർക്കിങ് ഏരിയയുടെ സമീപത്ത് റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ, സുരക്ഷവേലി ഇരുവശത്തും റോഡിനോട് ചേർത്ത് നിർമിച്ചതിനാൽ രണ്ടു വലിയ വാഹനങ്ങൾ ഇരുദിശകളിൽ നിന്ന് വന്നാൽ കടന്നുപോകാൻ കഴിയില്ല.

നിരവധി ടൂറിസ്റ്റ് ബസുകൾ പൂക്കോട് തടാകം റോഡിലെത്തുന്നതിനാൽ പലപ്പോഴും ഗതാഗതക്കുരുക്ക് പതിവാണ്. വെള്ളാരം കുന്നിൽനിന്നുള്ള ഗവ. കോളജ് റോഡ് പാടെ തകർന്ന നിലയിലാണ്. എതിർദിശയിൽനിന്ന് ഓട്ടോ വന്നാൽ പോലും ഗതാഗതം സ്തംഭിക്കും. ഈ രണ്ടു റോഡുകളും പൊതുമരാമത്തു വകുപ്പിന് കീഴിലാണ്.

കഴിഞ്ഞദിവസം പൂക്കോട് റോഡിലൂടെ സർവിസ് നടത്താത്തതിനാൽ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ നിരവധി ബസുകളിൽ നിന്ന് 7500 രൂപ വീതം പിഴയീടാക്കി. ഇതോടെ, കോഴിക്കോട് ചേർന്ന ബസുടമകളുടെ യോഗത്തിൽ അടുത്ത ദിവസം മുതൽ വയനാട്ടിലേക്കുള്ള ബസ് സർവിസ് തൽക്കാലം നിർത്തി വെക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പഴയ വൈത്തിരിയിൽ വയനാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പൂക്കോട് വഴി തിരിഞ്ഞുപോകേണ്ട സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

ഇതോടെയാണ് റൂട്ട് മാറിയോടൽ വീണ്ടും ചർച്ചയായത്. സ്വകാര്യ ബസുകൾ റൂട്ട് മാറിയോടുന്നതിനെതിരെ കെ.എസ്.ആർ.ടി.സിയും കോർപറേഷനിൽനിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിക്കും ട്രാൻസ്‌പോർട്ട് കമീഷണർക്കും പരാതി നൽകിയിരുന്നു. ഇതോടെയാണ്, പരിശോധന നടത്തിയതും പിഴ ഈടാക്കിയതെന്നും വയനാട് ആർ.ടി.ഒ ഇ. മോഹൻദാസ് പറഞ്ഞു.

സ്വകാര്യ ബസുകൾക്ക് അനുവദിക്കപ്പെടാത്ത റൂട്ടിലൂടെ സർവിസ് നടത്തുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അധികൃതർ പരാതിക്കാരുടെയും നാട്ടുകാരുടെയും സ്വകാര്യ ബസുടമകളുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

Tags:    
News Summary - Route change service-Penalty for private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.