കോഴിക്കോട്: പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ജില്ല മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 99.82 ശതമാനം നേടിയാണ് കോഴിക്കോട് മികച്ച വിജയം നേടിയത്. ജില്ലയിൽ പരീക്ഷയെഴുതിയ 43,799 വിദ്യാർഥികളിൽ 43,721 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി.
പരീക്ഷയെഴുതിയ 22,064 ആൺകുട്ടികളിൽ 21,735 പേരും 22,008 പെൺകുട്ടികളിൽ 21,713 പേരുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വെറും 78 കുട്ടികൾ മാത്രമാണ് അയോഗ്യരായത്. വിജയശതമാനത്തിൽ നാലാമതാണ് ജില്ല.
ജില്ലയിൽ 8563 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതിൽ 2952 പേർ ആൺകുട്ടികളും 5611 പേർ പെൺകുട്ടികളുമാണ്. വടകര ഉപജില്ലയിൽ 3359 വിദ്യാർഥികളും കോഴിക്കോട് 2165 വിദ്യാർഥികളും താമരശ്ശേരിയിൽ 3039 വിദ്യാർഥികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് വടകര ഉപജില്ലയാണ്. 99.95 ശതമാനം. ഇവിടെ പരീക്ഷയെഴുതിയ 16057 വിദ്യാർഥികളിൽ 16049 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. താമരശ്ശേരി ഉപജില്ലയിൽ 99.85 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 15169 വിദ്യാർഥികളിൽ 15146 പേർ ഉപരിപഠനത്തിന് അർഹരായി. കോഴിക്കോട് ഉപജില്ലയിൽ 12573 വിദ്യാർഥികൾ പരീക്ഷയെഴുതി. 12526 പേർ വിജയിച്ചു. 99.63 ആണ് വിജയശതമാനം.
കഴിഞ്ഞ തവണത്തേതിനേക്കാൾ നേരിയ കുറവ് ഇത്തവണത്തെ വിജയശതമാനത്തിലുണ്ട്. 99.86 ആയിരുന്നു കഴിഞ്ഞ തവണ വിജയശതമാനം.
നടുവണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൂറുശതമാനം വിജയം.168 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് കരസ്ഥമാക്കി സർക്കാർ വിദ്യാലയങ്ങളിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതെത്തി. പരീക്ഷ എഴുതിയ 548 കുട്ടികളും വിജയിച്ചു. വിജയികളെ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ടി.സി. സുരേന്ദൻ മാസ്റ്റർ, സുധീഷ് ചെറുവത്ത്, പി.ടി.എ പ്രസിഡന്റ് അഷ്റഫ് പുതിയപ്പുറം, എസ്.എം.സി ചെയർമാൻ എൻ. ഷിബീഷ്, മുൻ ഹെഡ്മാസ്റ്റർ ടി. മുനാസ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ. ഷീജ, എജു കെയർ കൺവീനർ ടി.എം. ഷീല, സ്റ്റാഫ് സെക്രട്ടറി വി.കെ. നൗഷാദ്, പി.കെ. സന്ധ്യ, വി.സി. സാജിദ്, ദീപ നാപ്പള്ളി, മുസ്തഫ പാലോളി, സി. മുസ്തഫ, റഫീഖ് കുറുങ്ങോട്ട് എന്നിവർ സംസാരിച്ചു.
പയ്യോളി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും ചരിത്രനേട്ടം ആവർത്തിച്ച് തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷ എഴുതിയ 720 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായപ്പോൾ 153 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
നൂറോളം കുട്ടികൾ ഒമ്പത് വിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടി. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കേക്കുമുറിച്ച് വിജയാഹ്ലാദം പങ്കുവെച്ചു. ജില്ല പഞ്ചായത്ത് മെംബർ വി.പി. ദുൽഖിഫിൽ, പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, പ്രധാനാധ്യാപകൻ എൻ.എം. മൂസകോയ എന്നിവർ പങ്കെടുത്തു.
എകരൂൽ: തുടർച്ചയായി ഏഴാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി നേടി കരിയാത്തൻ കാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 60 വിദ്യാർഥികളും വിജയിച്ചു. 11 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും നാലു പേർക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസും ലഭിച്ചിട്ടുണ്ട്. 2018 മുതൽ തുടർച്ചയായി എല്ലാ വർഷവും നൂറുമേനി വിജയം നേടി പിന്നാക്ക ഗ്രാമീണ മേഖലയിലെ ഈ സർക്കാർ കലാലയം ശ്രദ്ധേയമാവുകയാണ്.
ബാലുശ്ശേരി, കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത്തവണയും വിജയം നൂറിൽ നൂറ്
ബാലുശ്ശേരി: ബാലുശ്ശേരി, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത്തവണയും നൂറിൽ നൂറ്. കഴിഞ്ഞ നാല് വർഷക്കാലമായി രണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയത്തിളക്കത്തിലാണ്. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറിയിൽ ഇത്തവണ 151 പേർ പരീക്ഷയെഴുതിയതിൽ 151 പേരും വിജയിച്ചു. 49 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്. ഫുൾ എ പ്ലസിൽ 34 ശതമാനമാണ് വിജയം.
കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറിയിൽ 509 പേർ പരീക്ഷയെഴുതിയതിൽ 509 പേർ വിജയിച്ചു. 100 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. കോക്കല്ലൂർ ഗവ. സ്കൂൾ പാഠ്യവിഷയങ്ങളോടൊപ്പം തന്നെ പാഠ്യേതരവിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നുണ്ട്. കുട്ടികളും അധ്യാപകരും ഒരുപോലെ കലാകായിക രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവെക്കുന്നവരാണ്.
സംസ്ഥാന സ്കൂൾ കലോത്സവവേദികളിൽ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറിക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറിയിൽ 99.9 ശതമാനം വിജയമുണ്ട്. 101 പേർ പരീക്ഷ എഴുതിയതിൽ 100 പേർ വിജയിച്ചു. 23 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
കൊയിലാണ്ടി: എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി മേഖല വൻ മുന്നേറ്റമാണ് നടത്തിയത്. കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി, പന്തലായനി ഗവ. ഹയർ സെക്കൻഡറി, പൊയിൽക്കാവ് ഹയർ സെക്കൻഡറി, തിരുവങ്ങൂർ ഹയർ സെക്കൻഡറി, നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി എന്നി സ്കൂളുകൾ 100 ശതമാനം വിജയമാണ് നേടിയത്.
107 വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ 103 വിദ്യാർഥികൾ വിജയിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന ഗവ. ഫിഷറീസ് ഹയർ സെക്കൻഡറിയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 10 വിദ്യാർഥികളും വിജയിച്ചതോടെ കൊയിലാണ്ടി വിജയത്തിളക്കത്തിന്റെ നിറവിലാണ് നിരവധി വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞതോടെ ഏറെ ആഹ്ലാദത്തിലാണ് അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളും.
കൊയിലാണ്ടി: തുടർച്ചയായി ഒമ്പതാം വർഷവും നൂറുമേനി കൊയ്ത് വൻമുഖം ഗവ. ഹൈസ്കൂൾ കടലൂർ. പരീക്ഷ എഴുതിയ 82 വിദ്യാർഥികളിൽ 15 പേർ ഫുൾ എ പ്ലസ് നേടി. ആർ.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനുശേഷം എല്ലാ എസ്.എസ്.എൽ.സി പരീക്ഷകളിലും നൂറുമേനി നിലനിർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. ഈ വർഷം 18 ശതമാനം വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി.
എകരൂൽ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.56 ശതമാനം വിജയം. പരീക്ഷ എഴുതിയ 453 വിദ്യാർഥികളിൽ 451 പേർ വിജയിച്ചു. 80 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും നേടി. പഠന പിന്നാക്കാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർഥികളാണ് ഈ സ്കൂളിൽ അഡ്മിഷൻ തേടിയെത്തുന്നത്.
സ്കൂൾ നൽകുന്ന മികച്ച രീതിയിലുള്ള പിന്തുണയും പഠന സംവിധാനങ്ങളും കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ എജുകെയർ പദ്ധതിയുടെ പിൻബലവും സ്കൂളിന്റെ വിജയത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി അധ്യാപകർ പറഞ്ഞു.
മുക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോര മേഖലയിലെ സ്കൂളുകൾക്ക് മികച്ച നേട്ടം. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 354 വിദ്യാർഥികളിൽ 353 പേർ വിജയിച്ചു. 137 പേർ ഫുൾ എപ്ലസ് നേടി.
നൂറു ശതമാനത്തിന്റെ വിജയത്തിളക്കമുള്ള മുക്കം ഓർഫനേജ് ഹൈസ്കൂളിൽ (ഗേൾസ്) 250ൽ 37 പേരും മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ 119ൽ മൂന്നു വിദ്യാർഥികളും ഫുൾ എ പ്ലസ് നേടി. നൂറു ശതമാനം തിളക്കത്തിൽ മങ്ങലേറ്റ സ്കൂളുകളും ഫുൾ എ പ്ലസുകാരുടെ എണ്ണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 273 പേരിൽ 36ഉം ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ 155ൽ 19 വിദ്യാർഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഓമശ്ശേരി: സ്വന്തം ഗ്രാമത്തിൽ ഹൈസ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി പൊരുതിയ ആസിം വെളിമണ്ണ നിരാശനാവാതെ വെല്ലുവിളികളോടു പൊരുതി ഒടുവിൽ എസ്.എസ്.എൽ.സി പാസായി. എളേറ്റിൽ എം.ജെ. ഹൈസ്കൂളിൽനിന്നാണ് ആസിം പത്താം തരം പാസായത്. അഞ്ച് വിഷയങ്ങളിൽ എ പ്ലസും ഒരു എ, ഒരു ബി പ്ലസ്, രണ്ട് ബി, ഒരു സി തുടങ്ങിയ ഗ്രേഡോടെയാണ് ആസിം പരീക്ഷ പാസായത്.
അറബിക്, മലയാളം, ബയോളജി, ഗണിതം, ഐ.ടി വിഷയങ്ങൾക്കാണ് എ പ്ലസ് ലഭിച്ചത്. സോഷ്യൽ സയൻസിന് എ ഗ്രേഡ് ലഭിച്ചു. ഇരു കൈകളുമില്ലാത്ത ആസിം സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയത്. വെളിമണ്ണ ജി.എം.യു.പി സ്കൂളിൽനിന്ന് ഏഴാം തരം പഠനത്തിനുശേഷം നാലുവർഷം സ്കൂളിൽ പോവാതെ ഹൈസ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി വിവിധ സമരങ്ങളുമായി കഴിഞ്ഞു.
തുടർന്ന് എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കാതെയാണ് പത്താം ക്ലാസ് പഠനത്തിനായി എം.ജെ ഹൈസ്കൂളിൽ ചേർന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പഠനത്തിന്റെ അഭാവമാണ് ചില വിഷയങ്ങളിൽ ഗ്രേഡ് കുറയാൻ കാരണമായത്. സ്കൂൾ അധികൃതരുടെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രോത്സാഹനം ആസിമിന്റെ പത്താം തരം വിജയത്തിനു തുണയായി. ഇതിനകം നിരവധി റെക്കോഡുകൾ ഭേദിച്ച ആസിം ശാരീരിക പരിമിതി ജീവിത വിജയത്തിനു തടസ്സമല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കയാണ്.
സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവാണ്. മുഹമ്മദ് ആസിമിനെ പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദനമറിയിച്ചു.
കൊടുവള്ളി: കൊടുവള്ളിയിലെ മൂന്ന് സർക്കാർ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം. പന്നൂർ, കൊടുവള്ളി, കരുവൻപോയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളുകളാണ് സമീപത്തെ മറ്റ് സ്കൂളുകളെ പിന്നിലാക്കി വിജയം കൈവരിച്ചത്. കിഴക്കോത്ത് പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി മൂന്നാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി.
151 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരിൽ 36 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. ഒമ്പത് വിദ്യാർഥികൾക്ക് ഒമ്പത് എ പ്ലസും ലഭിച്ചു.
254 വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ കരുവൻമ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 44 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 243 വിദ്യാർഥികൾ പരീക്ഷയെഴുതിയ കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 38 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായി. 18 വിദ്യാർഥികൾക്ക് ഒമ്പത് എ പ്ലസും ലഭിച്ചു.
949 വിദ്യാർഥികൾ പരീക്ഷ എഴുതിയ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് കുട്ടികളൊഴിച്ച് മുഴുവൻ പേരും വിജയിച്ചു.
185 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 913 കുട്ടികൾ പരീക്ഷ എഴുതിയതിൽ 912 പേരും വിജയിച്ചു. 171 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. 60 പേർക്ക് ഒമ്പത് എ പ്ലസും ലഭിച്ചു. വിദ്യാർഥികളെ അധ്യാപകരും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.
നാദാപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തുവന്നപ്പോൾ നാദാപുരം ടൗണിൽ കച്ചവടം ചെയ്യാനെത്തിയ ഉത്തർപ്രദേശിലെ ഗോരക്പൂർ സ്വദേശിയായ രാജ് കപൂറിന്റെ വീട്ടിൽ ഒരേസമയം സന്തോഷവും സങ്കടവും. ഒരു മകന് ഫുൾ എ പ്ലസ് ലഭിച്ചു. എന്നാൽ, മറ്റൊരു മകന് അസുഖം കാരണം മുഴുവൻ പരീക്ഷയും എഴുതാൻ കഴിയാതിരുന്നതിന്റെ ദുഃഖത്തിലാണ് കുടുംബം.
രാജ് കപൂറിന്റെ മക്കളായ അമർജിത്ത് സോങ്കറും സണ്ണി സോങ്കറും പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥികളാണ്. ഇരുവരും ഒരുമിച്ചാണ് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. പരീക്ഷ മുഴുവൻ എഴുതിയ അമർജിത്ത് സോങ്കർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സ്കൂളിന്റെ അഭിമാനമായി മാറി. എന്നാൽ, സഹോദരൻ സണ്ണി സോങ്കറിന് ആദ്യത്തെ മൂന്നുപരീക്ഷകൾ മാത്രമേ എഴുതാൻ കഴിഞ്ഞിരുന്നുള്ളൂ.
പരീക്ഷകൾക്കിടെ കുട്ടി അസുഖബാധിതനാവുകയും തുടർചികിത്സക്കുവേണ്ടി ഉത്തർപ്രദേശിലേക്ക് പോകേണ്ടിയും വന്നു. ഇത് രാജ്കപൂർ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. അതിഥി തൊഴിലാളിയുടെ മകൻ മലയാളത്തിനടക്കം ഫുൾ എ പ്ലസ് നേടുന്നത് ചരിത്രമായി.
അതേസമയം സഹോദരന് ബാക്കി പരീക്ഷകൾ എഴുതാൻ കഴിയാത്തത് കുട്ടിയുടെ തോൽവിയിലും സ്കൂളിന് നൂറുമേനി നഷ്ടമാകുന്നതിൽ കലാശിക്കുകയും ചെയ്തു. 431 പേർ പരീക്ഷ എഴുതിയതിൽ 77 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. ഫുൾ എ പ്ലസ് നേടിയ അമർജിത്ത് സോങ്കറിനെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.