കോഴിക്കോട്: ആരോഗ്യം നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നവരുടെ ‘പാചക മത്സരോത്സവ’ത്തിലൂടെ സ്കൂൾ ഉച്ചഭക്ഷണത്തിന് പുതിയ ചേരുവകൾ തീർത്തു.’ പോഷക സമൃദ്ധവും സുലഭമായി ലഭിക്കുന്നതുമായ വിഭവങ്ങൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കൂൾ പാചകത്തൊഴിലാളികളുടെ മത്സരമാണ് മറ്റു പാചക മത്സരങ്ങളിൽനിന്ന് ഏറെ വേറിട്ടതായത്. നാടൻ ഇലക്കറികളും വിഭവങ്ങളും ചേർത്താണ് 17 സബ്ജില്ലകളിൽനിന്നായി എത്തിയ പാചക റാണിമാർ നാടിന്റെ കരുത്തും കുട്ടികൾക്ക് ശക്തിയും പകരുന്ന ഭക്ഷണമൊരുക്കിയത്.
വിധികർത്താക്കളായി എത്തിയ ന്യൂട്രീഷനുൾപ്പെടുന്ന സംഘത്തിന് മത്സരാർഥികളുടെ ഒന്നിനൊന്ന് മെച്ചപ്പെട്ട ചേരുവകളുടെ പോഷണഗുണം അറിഞ്ഞ് മാർക്കിടുന്നതും അങ്കലാപ്പ് തീർത്തു. സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും നടാടെയാണ് പാചകത്തൊഴിലാളികൾക്ക് മത്സരം സംഘടിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ വെറുമൊരു മത്സരമായിരുന്നില്ലവർക്ക്, മറിച്ച് ആത്മാവിഷ്കാരത്തിന്റെയും പാചകവിരുതിന്റെയും സ്നേഹച്ചേരുവ ചേർത്ത വിഭവങ്ങൾ തയാറാക്കലായിരുന്നു.
സമ്മാനം നേടിയ വിഭവങ്ങൾ ഇനി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഇടംപിടിക്കും. ചട്ടിയും തവിയും, ഉറിത്തട്ട്, തൂശനില, അതിശയത്തോരൻ, കോഴിക്കോടൻ പേരിപെരി, കൊണ്ടാട്ടം, ചെഞ്ചീര, കൊത്തമ്മല്ലി തുടങ്ങി 17 കൗണ്ടറുകളുടെ പേരിലും വൈവിധ്യമായിരുന്നു.
പാചക മത്സരത്തിൽ തോടന്നൂർ സബ്ജില്ലയിലെ വള്ളിയാട് ഈസ്റ്റ് എൽ പി സ്കൂളിലെ ശോഭ ഒന്നാം സ്ഥാനവും ഫറോക്ക് സബ് ജില്ലയിലെ എ.ഇ.എ.യു.പി സ്കൂളിലെ പുഷ്പ രണ്ടാം സ്ഥാനവും കൊടുവള്ളി സബ് ജില്ലയിലെ എരവന്നൂർ എൽ.പി സ്കൂളിലെ എം.പി. റഷീദ മൂന്നാം സ്ഥാനവും നേടി. ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘എരൂം പുളിയും’ എന്നപേരിൽ നടന്ന മത്സരം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.രേഖ മുഖ്യാതിഥിയായിരുന്നു. ഡി.ഡി.ഇ സി. മനോജ് കുമാർ, ഡി.ഡി.ഇ കാര്യാലയം അക്കൗണ്ട്സ് ഓഫിസർ സി. ബൈജു, ജില്ല വിദ്യാഭ്യാസ ഓഫിസർ ടി. അസീസ്, സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.വി. മൃദുല, ബി.ഇ.എം ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ജെസ്സി ജോസഫ്, ന്യൂട്രീഷ്യനിസ്റ്റ് ഷെറിൻ തോമസ്, ചേവായൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ശ്യാംജിത്ത്, ചേവായൂർ സബ്ജില്ല എച്ച്.എം. ഫോറം കൺവീനർ പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. നൂൺ ഫീഡിങ് സൂപ്പർവൈസർ ബിന്ദു സ്വാഗതവും നൂൺമീൽ സെക്ഷൻ ക്ലർക് നൗഷാദ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.