വടകര: കുടുംബകോടതിയിൽ ജഡ്ജിയില്ലാത്തത് നിരവധി കക്ഷികൾക്ക് പ്രയാസമുണ്ടാക്കുന്നു. കൊയിലാണ്ടി കോരപ്പുഴ മുതൽ വടകര അഴിയൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കപരിഹാരത്തിന് വടകര ആസ്ഥാനമായുള്ള കോടതിയാണ് ജഡ്ജി ഇല്ലാത്തതു കാരണം പ്രശ്നങ്ങളിൽപെട്ട് ഉഴലുന്നത്.
ആറുമാസ കാലത്തിലധികമായ് ഇവിടെ ജഡ്ജിയില്ല. അതിനാൽ, ഈ കോടതിയിൽ സമർപ്പിച്ച മിക്ക കേസുകളും തീർപ്പാക്കാതെ കിടക്കുകയാണ്. നേരത്തേ തലശ്ശേരി, കുറ്റ്യാടി, നാദാപുരം, കക്കട്ട്, കല്ലാച്ചി ഉൾപ്പെടെ വലിയൊരു ഭൂപ്രദേശം വടകര കോടതിയുടെ കീഴിലാവുകയും കേസുകൾ കുന്നോളം കെട്ടിക്കിടക്കുകയും ചെയ്തതോടെ നാദാപുരത്ത് ഒരു കോടതി സ്ഥാപിച്ചിരുന്നു.
മറ്റ് കോടതികളിലെ തർക്കങ്ങളിൽ തീർപ്പുണ്ടാകാതെ കിടക്കുമ്പോൾ കക്ഷികൾക്ക് സാമ്പത്തിക നഷ്ടമാണ് പ്രധാനമെങ്കിൽ, കുടുംബ കോടതികളിലെ തർക്കങ്ങളിൽ കുരുങ്ങി അസ്തമിക്കുന്നത് ജനങ്ങളുടെ ജീവിതമാണെന്ന് കേസിൽ പ്രയാസമനുഭവിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
പുതിയ ജഡ്ജിയുടെ നിയമനമുണ്ടായാലും കെട്ടിക്കിടക്കുന്ന കേസുകൾ അനവധിയുള്ളതിനാൽ തീർപ്പുണ്ടാക്കുക എളുപ്പമല്ല. കുടുംബ തർക്കങ്ങളുടെ അടിസ്ഥാനത്തിൽ നൽകുന്ന കേസുകളിൽ ചിലതെല്ലാം കൗൺസലിങ്ങിലൂടെ തീർപ്പാക്കാറുണ്ടെങ്കിലും പലതും വിവാഹമോചന കേസിലേക്ക് തന്നെ പോവുകയാണ് പതിവ്.
ഒരു വിവാഹമോചന കേസിന്റെ കൂടെ മറ്റ് കേസുകളും സാധാരണമാണ്. വിവാഹസമയത്ത് നൽകിയ സ്ത്രീധനം, ആഭരണങ്ങൾ, ഭാര്യക്കും മക്കൾക്കും ചെലവിന് നൽകൽ, ഗാർഹിക പീഡനം തുടങ്ങിയ കേസുകളും ഇതിന് അനുബന്ധമായി നിലനിൽക്കും.
ഇതെല്ലാം വിചാരണ ചെയ്തു വിധിവരുമ്പോഴേക്കും സമ്മർദം കാരണം സ്ത്രീകളും കുട്ടികളും മാനസികമായ് തകർന്നുപോവുന്ന അവസ്ഥയുണ്ട്. കുടുംബതർക്കങ്ങൾ ഉണ്ടാവുമ്പോൾ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ക്രിമിനൽ കേസ് നടപടിക്രമങ്ങൾ പരിഹരിച്ചു മാത്രമേ കുടുംബകോടതിയിൽ കേസ് വിചാരണക്കെടുക്കയുള്ളൂ.
വിചാരണ പൂർത്തിയാക്കിയ കേസുകളിൽ വിധി പ്രഖ്യാപിക്കാത്തതും പ്രയാസം സൃഷ്ടിക്കുന്നു. താലൂക്കിൽ ഓരോ കുടുംബകോടതികൾ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിച്ച്, ആവശ്യത്തിന് ജീവനക്കാരെയും നിയമിച്ച് പ്രശ്നപരിഹാരം കാണണമെന്ന് ജനം ആവശ്യപ്പെടുന്നു. സ്ഥിരം ജഡ്ജിമാരെ നിയമിച്ചാൽ മാത്രമേ പ്രശ്നം തീരുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.