വടകര: ചോറോട് പഞ്ചായത്തിലെ 20, 21 വാർഡുകളിലൂടെ കടന്നുപോകുന്ന കല്ലറക്കൽ തോടിന്റെ നവീകരണത്തിനായി 1.5 കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി ലഭിച്ചതായി കെ.കെ. രമ എം.എൽ.എ അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിനായി എം.എൽ.എ സമർപ്പിച്ച നിർദേശത്തിൻമേലാണ് സർക്കാർ കല്ലറക്കൽ തോട് ഡ്രെയിനേജ് കം ഫുട്പാത്ത് എന്ന പദ്ധതിക്ക് തുക വകയിരുത്തിക്കൊണ്ട് ഉത്തരവായത്.
പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ഇറിഗേഷൻ ഉദ്യോഗസ്ഥരോടൊപ്പം തോട് കടന്നുപോകുന്ന വഴികൾ എം.എൽ.എ സന്ദർശിച്ചു. വർഷങ്ങളായുള്ള പ്രദേശവാസികളുടെ നിരന്തരമായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാകുകയാണ്. കക്കാട്ട് പള്ളി ചോറോട് ബാങ്കിന്റെ ശാഖ നിൽക്കുന്ന സ്ഥലം മുതൽ അംഗൻവാടി വഴി കടന്നുപോകുന്ന തോടിന്റെ ഇരുവശങ്ങളും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാനും ഭാവിയിൽ സഞ്ചാരയോഗ്യമാക്കാനും കഴിയുംവിധമാണ് പ്രവൃത്തി രൂപകൽപന ചെയ്തിരിക്കുന്നത്.
കടലിൽ ചെന്ന് അവസാനിക്കുന്ന ഈ തോട്ടിൽ വേലിയേറ്റ സമയങ്ങളിൽ കടൽവെള്ളം തിരിച്ചുകയറി പരിസരത്തുള്ള കിണറുകളിലും മറ്റും ഉപ്പുവെള്ളം നിറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതു കാരണം കുടിവെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്.
വർഷങ്ങളായി ജനം അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി സർക്കാറിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇറിഗേഷൻ ഉദ്യോഗസ്ഥർ വൈകാതെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിൽ സമർപ്പിക്കുമെന്നും സാങ്കേതിക അനുമതികൾ ലഭ്യമായ ഉടൻ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശ്യാമള കൃഷ്ണാർപ്പിതം, വാർഡ് മെംബർമാരായ അബൂബക്കർ, ആബിദ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സത്യൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഹബി, എ.ഇ രാജ്മോഹൻ, ഓവർസിയർ രൂപിഷ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.