പാണ്ടിക്കാട്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസ േപാരാട്ടങ്ങളിലൊന്നായിരുന്നു, പാണ്ടിക്കാടിൻെറ മണ്ണിൽ ചുടുനിണമൊഴുകിയ ചന്തപ്പുര യുദ്ധം. 250 ലേറെ പോരാളികളുടെ ജീവനെടുത്ത ശേഷം മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ച ബ്രിട്ടീഷ് പട്ടാളത്തിൻെറ ക്രൂരതയുടെ കഥയാണത്. മലബാറിൽ രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന സ്ഥലമാണ് പാണ്ടിക്കാട്.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും പിറന്നുവീണ നാട്. പുക്കുന്നുമ്മൽ ആലിഹാജി, പാണ്ടിയാട് നാരായണൻ നമ്പീശൻ, ഉണ്ണിക്കൃഷ്ണൻ നമ്പീശൻ, പയ്യനാടൻ മോയിൻ, ആക്കപ്പറമ്പൻ മൂസ, പൂന്താനം രാമൻ നമ്പൂതിരി, കാപ്പാട്ട് കൃഷ്ണൻ നായർ, മഞ്ചി അയമുട്ടി തുടങ്ങിയവരാണ് പാണ്ടിക്കാട്ടെ ഖിലാഫത്ത് കമ്മിറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നത്. 1921 നവംബർ 14ന് പുലർച്ചെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, പയ്യനാടൻ മോയിൻ എന്നിവർ നേതൃത്വം നൽകിയ പോരാട്ടമാണ് 'പാണ്ടിക്കാട് യുദ്ധം' എന്ന പേരിൽ അറിയപ്പെടുന്നത്. അന്ന് രാത്രിയിൽ പാണ്ടിക്കാട് ചന്തപ്പുരയിൽ (ഇന്നത്തെ മഞ്ചേരി റോഡിലെ പഞ്ചായത്ത് ഒാഫിസ് കെട്ടിടം നിൽക്കുന്നയിടവും പരിസരങ്ങളും) തമ്പടിച്ച എട്ടാം ഗൂർഖ റൈഫിൾസിലെ രണ്ടാം ബറ്റാലിയൻ ക്യാമ്പിനെ, രണ്ടായിരത്തോളം വരുന്ന സമരപോരാളികൾ പുലർച്ചയോടെയാണ് ആക്രമിച്ചത്. മുക്രി അയമ്മദിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ചന്തപ്പുരയുടെ മതിൽ പൊളിച്ച് ക്യാമ്പിനകത്തെത്തിയത്.
രണ്ട് മണിക്കൂറിലേറെ നീണ്ട യുദ്ധത്തിനാണ് അന്ന് പാണ്ടിക്കാട് സാക്ഷ്യം വഹിച്ചത്. 'കുക്രി' എന്ന പ്രത്യേകതരം ആയുധമുപയോഗിച്ച് യുദ്ധം ചെയ്യുന്ന ഗൂർഖകളെ നേരിട്ട് തോൽപ്പിക്കാൻ അക്കാലത്ത് ആർക്കും സാധ്യമായിരുന്നില്ല. എന്നാൽ, ഗൂർഖ റൈഫിൾസ് ക്യാപ്റ്റൻ ജോൺ എറിക് ആവ്റെൽ അടക്കമുള്ള നിരവധി ബ്രിട്ടീഷ് പട്ടാളക്കാരെ സമരപോരാളികൾ വധിച്ചു. കരുവാരകുണ്ട്, കീഴാറ്റൂർ, നെന്മിനി, ആനക്കയം, പന്തല്ലൂർ, നെല്ലിക്കുത്ത്, പോരൂർ, വണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരാണ് സമരത്തിൽ പെങ്കടുത്തവരിലേറെയും. യുദ്ധത്തിൽ രക്തസാക്ഷികളായ 250ലേറെ പോരാളികളുടെ മൃതദേഹങ്ങൾ ചന്തപ്പുരക്കടുത്ത മൊയ്തുണ്ണിപ്പാടത്ത് ആൽമരത്തിന് സമീപം കുളക്കരയിൽ കുഴിവെട്ടി കൂമ്പാരമാക്കി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ബ്രിട്ടീഷുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇൗ ജോലിയിൽ സഹായിക്കേണ്ടിവന്ന പരിസരവാസിയായ മേലേപ്പാടത്ത് മൊയ്തുണ്ണിയുടെ മകൻ കുഞ്ഞഹമ്മദിന് കൃത്യം നിർവഹിക്കുന്നതിനിടെ 90 ശതമാനത്തിലേറെ പൊള്ളലേറ്റു. നാല് ദിവസത്തിനകം അദ്ദേഹം മരിച്ചു. കാടുമൂടി വിജനമായ മൊയ്തുണ്ണിപ്പാടവും വലിയ ആൽമരവും മണ്ണുനിറഞ്ഞ് നശിച്ച കുളവും ഇന്ന് മൂകമായി കിടക്കുന്നു. 99 വർഷം തികയുന്ന വേളയിൽ ധീരേദശാഭിമാനികളുടെ ഒാർമക്കായി ഉചിതമായ സ്മാരകംപോലും നിർമിച്ചിട്ടില്ലെന്ന് ചരിത്രകാരൻമാരായ സഫർ പാണ്ടിക്കാട്, എ.ടി. യൂസുഫലി എന്നിവർ പറഞ്ഞു. 'എൻെറ പാണ്ടിക്കാട്' കൂട്ടായ്മയുടെ നേതൃത്വത്തിൽ 2019ൽ സ്ഥാപിച്ച രണ്ട് സൈൻ ബോർഡുകളും ചത്വരവുമാണ് ആകെയുള്ള സ്മാരകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.