മലപ്പുറം: ജില്ലയിൽ 11 തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇനിയും സായാഹ്ന ഒ.പികൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികൾക്ക് ആശ്വാസമാകേണ്ട സായാഹ്ന ഒ.പികൾ നടപ്പാക്കാത്തതെന്ന് തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറുടെ റിപ്പോർട്ട് പറയുന്നു.
കീഴുപറമ്പ്, ചെറുകാവ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, തേഞ്ഞിപ്പലം, ചെറിയമുണ്ടം, വണ്ടൂർ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിലും തിരൂർ, മലപ്പുറം നഗരസഭകളിലും കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പികളില്ല. ഇതിൽ വണ്ടൂരും അരീക്കോടും കുടുംബാരോഗ്യ കേന്ദ്രങ്ങൾ നിലവിലില്ലെന്നും റിപ്പോർട്ട് പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിദിനം 100 ഓളം രോഗികളാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. സായാഹ്ന ഒ.പികൾ കൂടി വരികയാണെങ്കിൽ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ ഉപകാരപ്പെടും.
സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോൾ പനി ചികിത്സക്കാണ് കൂടുതൽ പേർ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിച്ചിരിക്കുന്നത്. സെപ്റ്റംബർ 18ന് മാത്രം 2,547 രോഗികളാണ് പനിക്കായി ചികിത്സ തേടിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ഗ്രാമപഞ്ചായത്തുകളും എട്ട് നഗരസഭകളും ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. 70 ഗ്രാമപഞ്ചായത്തുകളിലും ഒമ്പത് നഗരസഭകളിലും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.