തേഞ്ഞിപ്പലം: ജില്ലയിലെ കായിക കൗമാരത്തെ ആവേശം കൊള്ളിച്ച് ജില്ല സ്കൂൾ കായികമേളക്ക് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കം. 17 ഉപ ജില്ലകളിൽനിന്ന് മിന്നും പ്രകടനവുമായെത്തിയ കായികതാരങ്ങൾ പൊരിവെയിലിലും ട്രാക്കിലും ഫീൽഡിലും വെട്ടിത്തിളങ്ങി. ആവേശം കത്തിയ ആദ്യദിനം 26 ഇനങ്ങൾ പൂർത്തിയായപ്പോൾ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിന്റെ കരുത്തിൽ എടപ്പാൾ ഉപജില്ല കുതിപ്പ് തുടങ്ങി.
68.5 പോയന്റ് നേടിയാണ് എടപ്പാൾ മുന്നിലെത്തിയത്. 45.5 പോയന്റ് നേടിയ തിരൂർ ഉപജില്ലയാണ് രണ്ടാമത്. 25 പോയന്റുള്ള കിഴിശ്ശേരി മൂന്നാമതും നാലാമതുള്ള കൊണ്ടോട്ടി ഉപജില്ലക്ക് 22 പോയന്റുമുണ്ട്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ചാമ്പ്യൻ സ്കൂളായ കടകശ്ശേരി ഐഡിയൽ ആദ്യ ദിവസം 65.5 പോയന്റാണ് പോക്കറ്റിലാക്കിയത്.
ഒമ്പത് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കിയാണീ കുതിപ്പ്. ത്രോ ഇനങ്ങളിൽ അസാമാന്യ പ്രകടനം പുറത്തെടുത്ത് മേളയെ പ്രകമ്പനം കൊള്ളിച്ച ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസാണ് രണ്ടാമത് (37.5 പോയന്റ്). നാല് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ആലത്തിയൂർ സ്വന്തമാക്കി. 14 പോയന്റുമായി മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസും മൊറയൂർ വി.എച്ച്.എം.എച്ച്.എസ്.എസും മൂന്നാം സ്ഥാനത്തുണ്ട്. 10 പോയന്റുമായി സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കൊളത്തൂരാണ് നാലാമത്. കായികമേള പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 3,500 താരങ്ങൾ മാറ്റുരക്കും.
ജില്ല സ്കൂൾ കായികമേളയിൽ ആദ്യദിനം അഞ്ച് മീറ്റ് റെക്കോഡുകൾ പിറന്നു. സബ്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജംപിൽ തൃപ്പനച്ചി എ.യു.പി.എസിലെ ടി.കെ. ഹിബ 1.35 മീറ്റർ ഉയരം ചാടി പുതിയ റെേക്കാഡിട്ടു. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ കടകശ്ശേരി ഐഡിയലിന്റെ അഭിനവ് മനോഹരൻ റെക്കോഡോടെ സ്വർണം നേടി.
സീനിയർ പെൺകുട്ടികളുടെ ഹാമർത്രോയിൽ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ സുഹൈമ നിലോഫറും ജൂനിയർ വിഭാഗത്തിൽ ഇതേ സ്കൂളിലെ എം. റിദയും പുതിയ ദൂരം കുറിച്ചു. സബ്ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിലാണ് മറ്റൊരു റെേക്കാഡ്. വണ്ടൂർ ഉപജില്ലയിൽ തിരുവാലി ജി.എച്ച്.എസ്.എസിലെ ഇ. അജിൻ പുതിയ സമയം കുറിച്ചു മീറ്റ് റെക്കോഡ് തിരുത്തി. മീറ്റിൽ വെള്ളിയാഴ്ച 39 ഫൈനലുകൾ നടക്കും. ശനിയാഴ്ചയാണ് കായികമേളയുടെ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.