മലപ്പുറം: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. ജില്ല ആസ്ഥാനത്ത് മന്ത്രി വി. അബ്ദുറഹിമാനാണ് പതാക ഉയർത്തി സന്ദേശം നൽകിയത്. വിദ്യാലയങ്ങളിലും ക്ലബുകളിലും സംഘടനതലത്തിലും മതപഠനശാലകളിലും വിവിധ പരിപാടികളോടെ ആഘോഷങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും മതമൈത്രിയും ഊട്ടിയുറപ്പിക്കാൻ ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് സ്വാതന്ത്ര്യദിന സന്ദേശങ്ങളിൽ ഓർമിപ്പിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം -മന്ത്രി വി. അബ്ദുറഹിമാന്
മലപ്പുറം: സ്വാതന്ത്ര്യസമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലതല സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ മന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍.സി.സി, എസ്.പി.സി, സകൗട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് വിഭാഗങ്ങളിലായി 38 പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് കമാന്‍ഡറായി. ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ സി.പി. സുരേഷ് കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായിരുന്നു.കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
പരേഡിന് മുന്നോടിയായി നഗരസഭ പരിധിയിലെ വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്കൂളായി മലപ്പുറം സെന്റ് ജമ്മാസ് എച്ച്.എസ്.എസിനെ തിരഞ്ഞെടുത്തു. യു.പി വിഭാഗത്തില്‍ എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി മുണ്ടുപറമ്പ് സ്കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളും മലപ്പുറം ഗവ. ബോയ്സ് എച്ച്.എസ്.എസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിനാണ് ഒന്നാം സ്ഥാനം. ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാൻഡ് ഡിസ്പ്ലേയില്‍ സെന്റ് ജമ്മാസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി.
പരേഡില്‍ ബാൻഡ് വാദ്യം നയിച്ച എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂളിനും പരേഡില്‍ പങ്കെടുത്ത നിലമ്പൂര്‍ ഐ.ജി.എം.ആര് എച്ച്.എസ്.എസിനും പ്രത്യേകം പുരസ്കാരം നല്കി. മലപ്പുറം നഗരസഭ പരിധിയിലെ സ്ഥാപനങ്ങള്‍ക്കായി നടത്തിയ അലങ്കാര മത്സരത്തില്‍ കോട്ടപ്പടി റോയല്‍ ബിരിയാണി സെന്റര്‍, മലബാര്‍ സൗണ്ട്സ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
പി. ഉബൈദുല്ല എം.എല്‍.എ, കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ്, എം.എസ്.പി കമാന്‍ഡന്റ് കെ.വി. സന്തോഷ്, മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി, എ.ഡി.എം എന്‍.എം. മെഹറലി, അസി. കലക്ടര്‍ സുമിത് കുമാര്‍ ഠാകൂര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.