പെരുമ്പടപ്പ്: മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതിരുന്നതോടെ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു.അയിരൂർ പാടശേഖരത്തെ കിഴക്ക് ഭാഗത്തെ കല്ലറ പാടശേഖരത്ത് 20 ഏക്കറോളം നെൽകൃഷിയാണ് വെള്ളത്തിലായി നശിച്ചത്.
തോടുകളെല്ലാം നികത്തോതിയതോടെ വെള്ളം ഒഴുകാനുള്ള സ്ഥലമില്ലാതായതിനെ തുടർന്നാണ് കർഷകർ ദുരിതത്തിലായത്. ഓണത്തോടനുബന്ധിച്ചാണ് അയിരൂർ പാടശേഖരത്ത് കർഷകർ കൃഷിയിറക്കിയത്. എന്നാൽ അപ്രതീക്ഷികമായി എത്തിയ മഴ കർഷകരെ ചതിച്ചു.
കോടത്തൂരിൽ നിന്ന് ചെറായിയിലേക്ക് പോകുന്ന റോഡിൻ്റെ ഇരുവശങ്ങളിലായുള്ള പാടശേഖരത്തിലെ കർഷകരാണ് വെള്ളം ഉയർന്ന് നെല്ല് കൊയ്തെടുക്കാനാകാതെ ദുരിതത്തിലായത്. കാലങ്ങളായി ഇവിടെയുണ്ടായിരുന്ന തോടുകളെല്ലാം സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തോതിയതോടെ വെള്ളം ഒഴുകിപ്പോകാൻ ഇടമിലാതായി.
ചെറായി, പെരുമ്പടപ്പ്, നാക്കോല തുടങ്ങിയ ഭാഗത്ത് നിന്നുള്ള വെള്ളമാണ് കല്ലറ പാടശേഖരത്ത് എത്തുന്നത്. പാടശേഖരത്ത് വെള്ളം ഉയരുമ്പോൾ സമീപത്തെ ഇടത്തോടുകൾ വഴി ഒഴുകി കനോലി കനാലിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. എന്നാൽ തോടുകൾ ശോഷിച്ചതോടെ മഴ പെയ്ത വെള്ളമെല്ലാം പാടശേഖത്ത് തന്നെ കെട്ടിക്കിടക്കുകയാണ്. കാലങ്ങളായി കർഷകർ ഈ ദുരിതം അനുഭവിച്ച് വരികയാണ്.
ഇതിന് പരിഹാരമായി റോഡിന് കുറുകെ പാലം നിർമിക്കുകയും, തോടുകൾ പുനരുജ്ജീവിപ്പിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. തൃശൂർ-മലപ്പുറം ജില്ലാ അതിർത്തിയിലെ നിലവിലെ ചെറിയ കനാൽ പൊളിച്ചുനീക്കി കൂടുതൽ ഉയർത്തിൽ പാലം നിർമിക്കണമെന്നും ആവശ്യമുണ്ട്. ഇരുപതോളം കർഷകരാണ് ഇത്തവണ പാടശേഖരത്ത് കൃഷിയിറക്കിയത്. വെള്ളം ഒഴുകി പോകാത്തതിനാൽ തങ്ങളുടെ അധ്വാനം നഷ്ടമായതിൻ്റെ നിരാശയിലാണ് കർഷകർ. കർഷകരുടെ പരാതിയെത്തുടർന്ന്പെരുമ്പടപ്പ് കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.