തേഞ്ഞിപ്പലം: പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് നോട്ടീസ് നല്കി കാലിക്കറ്റ് സര്‍വകലാശാല നടപടി തുടരുന്നതിനിടെ പ്രതിഷേധവുമായി വീണ്ടും അധ്യാപകര്‍. അക്കാദമിക കലണ്ടര്‍ പ്രകാരം പ്രവര്ത്തിക്കാത്തതിനാലുണ്ടാകുന്ന പ്രശ്നങ്ങള്‍ അധ്യാപകരുടെ തലയില്‍ കെട്ടിവെക്കാനാണ് പരീക്ഷ ഭവന് ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് പ്രതിനിധികളായ അധ്യാപകര്‍ വെള്ളിയാഴ്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിനെ കണ്ട് പരാതി ബോധിപ്പിക്കും. സ്വയംഭരണ-സ്വയംഭരണേതര കോളജുകളിലെ 100ലധികം അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് പരീക്ഷ കണ്‍ട്രോളര്‍ക്ക് പുറമെ വി.സിയെയും കാണുന്നത്.
കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി പൂര്‍ത്തീകരിച്ച ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തില്ലെന്നതിന്റെ പേരില്‍ സര്‍വകലാശാല പരീക്ഷ ഭവന് വിശദീകരണം ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. ജോലിയുടെ ഭാഗമായ മൂല്യനിര്‍ണയത്തിലും പരീക്ഷ ജോലികളിലും കൃത്യതയോടെ പങ്കെടുത്ത സര്‍വകലാശാലയുടെ കീഴിലുള്ള സ്വയംഭരണ കോളജുകളിലെ അധ്യാപകര്‍ക്കും നടപടിയുടെ ഭാഗമായി നോട്ടീസ് ലഭിച്ചതായി ഇവര്‍ പറയുന്നു. നടപടി അന്യായവും സര്‍വകലാശാല നേരത്തേ ഇറക്കിയ ഉത്തരവുകള്‍ക്ക് വിരുദ്ധവുമാണെന്നാണ് വാദം. സമയബന്ധിതമായി അക്കാദമിക് കലണ്ടര്‍ പ്രകാരം പരീക്ഷകളും മറ്റു കാര്യങ്ങളും നടത്തുമെന്ന ഉറപ്പ് സര്‍വകലാശാല ഇതുവരെ പാലിച്ചിട്ടില്ലെന്നും അധികൃതരുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ അധ്യാപകരെ ബലിയാടാക്കുന്ന നീക്കം അപലപനീയമാണെന്നും സര്‍വകലാശാല സെനറ്റ് അംഗം ലെഫ്. ഡോ. എ.ടി. അബ്ദുല്‍ ജബ്ബാര്‍ ആരോപിച്ചു.
അധ്യാപകരോട് വിശദീകരണം ആവശ്യപ്പെട്ട സാഹചര്യം പുനഃപരിശോധിക്കുമെന്ന് പരീക്ഷ കണ്ട്രോളര് ഉറപ്പുനല്‍കിയതായും വി.സിയില്‍നിന്ന് മാന്യമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും സി.കെ.സി.ടി ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.