പൊന്നാനി: സ്പീക്കർക്കെതിരെ കോടതിയിൽ നൽകിയ രഹസ്യമൊഴി വായിച്ച ജഡ്ജി ഞെട്ടിപ്പോയെങ്കിൽ സാധാരണക്കാർക്ക് ബോധക്ഷയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഐശ്വര്യ കേരള യാത്രയുടെ ജില്ല പര്യടന സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോളർ കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ചാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രതിക്കൂട്ടിൽ നിൽക്കുമെന്നും ഇതുപോലെ അപമാനിതനായ സ്പീക്കർ നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഐശ്വര്യ കേരള യാത്രയുടെ ജില്ല പര്യടനത്തിന് ആവേശോജ്ജ്വല സ്വീകരണമാണ് പൊന്നാനിയിൽ യു.ഡി.എഫ് പ്രവർത്തകർ നൽകിയത്. മണ്ഡലം കമ്മിറ്റികൾക്ക് കീഴിൽ ജാഥകളായി എത്തിയ പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ തോളിലേറ്റിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് വേദിയിലെത്തിച്ചത്.
യോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അശ്റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ലതിക സുഭാഷ്, ബാബു പ്രസാദ്, ബി.ആർ.എം. ഷഫീർ, പി.ടി. അജയ് മോഹൻ, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്, വി.വി. പ്രകാശ്, യു.എ. ലത്തീഫ്, എം.വി. ശ്രീധരൻ, ടി.കെ. അഷറഫ് എന്നിവർ സംസാരിച്ചു. ജാഥ പാലക്കാട് ജില്ലയിൽ പര്യടനമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.