സി.ഡബ്ല്യു.സി അഭിമുഖ തെരഞ്ഞെടുപ്പ് ബോർഡിലും അയോഗ്യർ ഉൾപ്പെട്ടതായി ആരോപണം

മലപ്പുറം: ചൈൽഡ് വെൽഫെയർ കമ്മിറ്റി/ജുവനൈൽ ജസ്റ്റിസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് രൂപവത്കരിച്ച അഭിമുഖ തെരഞ്ഞെടുപ്പ് പാനലിലും അയോഗ്യർ ഉൾപ്പെട്ടതായി ആരോപണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി/ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് രൂപവത്കരിച്ച സെലക്ഷൻ ബോർഡിൽ എൻ.ജി.ഒ വിഭാഗത്തെ പ്രതിനിധീകരിച്ച് ഉൾപ്പെടുത്തിയ അംഗത്തിന്‍റെ വിവരങ്ങൾ ലഭ്യമല്ല എന്നാണ് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് വനിത-ശിശു വികസന വകുപ്പ് മറുപടി നൽകിയത്.

ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനൻ ചെയർമാനും ടി.വി. അനുപമ മെമ്പർ സെക്രട്ടറിയും ടി.കെ. നാരായണദാസ്, ഡോ. പ്രവീൺ ലാൽ, വിജയകുമാർ, ഡോ. മോഹൻ റോയി, അഡ്വ. എം.ജെ. മീനാംബിക എന്നിവർ കമ്മിറ്റി അംഗങ്ങളുമായ പാനലാണ് ഉദ്യോഗാർഥികളെ അഭിമുഖം നടത്തിയിരുന്നത്.

കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു അഭിമുഖം. കോഴിക്കോട്ട് ടി.വി. അനുപമയടങ്ങുന്ന സെലക്ഷൻ കമ്മിറ്റി യോഗ്യതയില്ലാത്തവരെ കണ്ടെത്തുകയും ആലപ്പുഴ, കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് അഭിമുഖത്തിന് പുതിയ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം ടി.വി. അനുപമയെ വനിത-ശിശു വികസന വകുപ്പ് ഡയറക്ടറുടെ ചുമതലയിൽനിന്ന് മാറ്റിയത് വിവാദമായിരുന്നു.

സെലക്ഷൻ കമ്മിറ്റി അംഗമായ അഡ്വ. എം.ജെ. മീനാംബികയുടെ യോഗ്യത സംബന്ധിച്ച വിവരങ്ങളാണ് വനിത-ശിശു വികസന വകുപ്പിൽ ലഭ്യമല്ലാത്തത്. ഇവർ സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ അംഗവുമാണ്. എൻ.ജി.ഒ പ്രതിനിധിയായി ഒരാളെ അഭിമുഖ തെരഞ്ഞെടുപ്പ് ബോർഡിൽ ഉൾപ്പെടുത്തും. ശിശുസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകളിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ഇവർ പ്രവർത്തിച്ച എൻ.ജി.ഒയുടെ പേര്, വിലാസം, രജിസ്റ്റർ നമ്പർ, എൻ.ജി.ഒ രൂപീകൃതമായ വർഷം, പ്രവർത്തന സ്ഥാനം തുടങ്ങിയ വിവരങ്ങളാണ് ലഭ്യമല്ല എന്ന് മറുപടി ലഭിച്ചത്.

കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവ സംബന്ധിച്ച് കേസ് തീർപ്പാക്കുന്നതാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി. ചെയർമാൻ ഉൾപ്പെടെ അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. കഴിഞ്ഞ മാർച്ച് ആറിന് എല്ലാ ജില്ലകളിലെയും കമ്മിറ്റികളുടെ കാലാവധി അവസാനിച്ചിരുന്നു.

Tags:    
News Summary - Alleged involvement of disqualified candidates in the CWC interview board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.