കരുവാരകുണ്ട്: ആര്യാടൻ കോളനിയിലെ കുടുംബങ്ങൾ ഈ മഴക്കാലത്ത് സ്വസ്ഥമായി അന്തിയുറങ്ങും. ചേരിത്തോട്ടിലെ മണ്ണും ചളിയും നീക്കിയ ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടിക്കാടൻ ഷൈലേഷാണ് കോളനിയിലെ കുടുംബങ്ങളുടെ ആധിയകറ്റിയത്.
ഒലിപ്പുഴയുടെ കൈവഴിയായ ചേരിത്തോട് ചെറിയ മഴയിൽ പോലും നിറഞ്ഞുകവിയും. ഇതോടെ കോളനിയിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്യും. കാലവർഷം കനക്കുമ്പോഴെല്ലാം ഇവിടെ വെള്ളപ്പൊക്കവുമുണ്ടാകും. കഴിഞ്ഞവർഷം വെള്ളപ്പൊക്കത്തെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. വർഷങ്ങൾ പഴക്കമുള്ള തോട്ടിൽ പ്രളയത്തിലും മറ്റും അടിഞ്ഞുകൂടിയ ചളിയും കല്ലുമാണുള്ളത്.
ഇതാണ് തോട് കരകവിയാൻ കാരണം. മാലിന്യം നീക്കണമെന്നത് കുടുംബങ്ങൾ വർഷങ്ങളായി ആവശ്യപ്പെടാറുണ്ടെങ്കിലും നടക്കാറില്ല.
ഇത്തവണ കുടുംബങ്ങളുടെ അഭ്യർഥന മാനിച്ച് ഷൈലേഷ് സ്വന്തം ചെലവിൽ എസ്കവേറ്റർ ഉപയോഗിച്ച് ചളി നീക്കുകയായിരുന്നു. 200 മീറ്ററോളം ഭാഗത്തെ ചളിയാണ് നീക്കിയത്. ഇതോടെ വെള്ളപ്പൊക്ക ഭീതി താൽക്കാലികമായി അകന്നിട്ടുണ്ട്. കഴിഞ്ഞവർഷത്തെ വെള്ളം കയറലിനെ തുടർന്ന് തോടിന് പാലം നിർമിക്കാൻ 25 ലക്ഷം രൂപ എ.പി. അനിൽകുമാർ എം.എൽ.എ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.