കോഴിക്കോട്: സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിക്ക് യു.ജി.സിയുടെ ഓട്ടോണമസ് (സ്വയംഭരണം) പദവി. ഇതനുസരിച്ച് ഈ അധ്യയന വർഷം മുതൽ പ്രവേശനം കോളജ് വൈബ്സൈറ്റിലൂടെ നേരിട്ടായിരിക്കും നടത്തുക. കഴിഞ്ഞ വർഷം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിർണയ ഏജൻസിയായ നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) ഏറ്റവും ഉയർന്ന അംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കോളജിനെ തേടി ഓട്ടോണമസ് പദവിയും എത്തിയതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ തന്നെ നാകിന്‍റെ എ.പ്ലസ്.പ്ലസ് ഗ്രേഡ് ലഭിച്ച ആദ്യ ആർട്സ് ആൻഡ് സയൻസ് സ്ഥാപനമാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി. 3.54 പോയന്‍റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാന നേട്ടം കൈവരിച്ചത്. മലേഷ്യയിലെ ലിങ്കൺ യൂനിവേഴ്സിറ്റിയുമായി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള (പി.എച്ച്.ഡി) ധാരണാപത്രം ഒപ്പുവെക്കുകയും ഗവേഷണകേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
എൻ.ഐ.ആർ.എഫിൽ (നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് ) കഴിഞ്ഞ മൂന്നു വർഷമായി സാഫി പുങ്കെടുക്കുന്നു. കൂടുതൽ വിദേശ യൂനിവേഴ്സിറ്റികളുമായി സാഫി ഇൻസ്റ്റിറ്റ്യൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയിൽ മാതൃക സ്ഥാപനമാക്കി മാറ്റിയെടുക്കുമെന്ന് സ്ഥാപന ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, സ്റ്റുഡന്റ് സപ്പോർട്ട്, സ്കോളർഷിപ്പ്, ദത്തുഗ്രാമത്തിലെ കൃഷി പാഠങ്ങൾ, പഠന പാഠ്യേതര പരിഷ്കാരങ്ങൾ, തൊഴിൽ രഹിതരായ പ്രവാസികൾക്കായി ഒരുക്കുന്ന റിഹാബിലിറ്റേഷൻ പദ്ധതികൾ, ഹ്യൂമൻ റിസോഴ്സ് സെന്റർ, സയൻസ് റിസർച്ച് സെന്റർ, ലീഡേഴ്‌സ് അക്കാദമി, നാഷണൽ പ്ലൈസ്മെന്റ് ഡ്രൈവ് സെല്ലുകൾ, അലുംനി കെയർ എന്നീ മേഖലകളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
എ.ഐ.സി.ടി.ഇയുടെ അംഗീകാരമുള്ള ഏറ്റവും പുതിയ കോഴ്‌സുകളായ പി.ജി.ഡി.എം, പി.ജി.സി.എം തുടങ്ങി മൂന്ന് പ്രോഗ്രാമുകൾ ഈ വർഷം ആരംഭിക്കും.100 ഏക്കർ ഭൂമിയിൽ 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന മലബാറിലെ ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു സർവകലാശാലയാക്കി ഉയർത്തുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലേക്ക് ചുവടുവെക്കുകയാണെന്ന് സാഫി ചെയർമാൻ എമിരിറ്റസ് ഡോ. പി. മുഹമ്മദലി (ഗൾഫാർ) പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം, ഗവേഷണ പദ്ധതികൾ തുടങ്ങിയ മേഖലകൾക്ക് മാനേജ്മെൻറ് ഇനി പ്രത്യേക പരിഗണന നൽകുമെന്ന് സാഫി ട്രാൻസ്ഫർമേഷൻ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. അബ്ദുൽ റഹീം വിശദീകരിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമായുള്ള നാലുവർഷ ബിരുദ പദ്ധതി, ഈ വർഷം തന്നെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ ആരംഭിക്കാൻ തീരുമാനിച്ചു. ടിസ്സ് സ്കൂൾ ഓഫ് സോഷ്യൽ മോഡൽ, അഡ്വാൻസ്ഡ് ജേർണലിസത്തിലും പുതിയ രണ്ടു സെന്റർ ഓഫ് എക്സ്ല്ലെൻസ് തുടങ്ങാൻ സാഫി മാനേജ്മെന്റ് തീരുമാനിച്ചതായി വൈസ് ചെയർമാൻ പി.കെ. അഹമ്മദ് അറിയിച്ചു. സാഫി ട്രഷറർ സി.പി. കുഞ്ഞുമുഹമ്മദ്, ജന. സെക്രട്ടറി എം.എ. മെഹബൂബ്, ഡയറക്ടർ ഓഫ് അഡ്മിസ്ട്രേഷൻ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, കേണൽ. നിസാർ അഹമ്മദ് സീതി, ഡോ. ഹംസ പറമ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.