കീഴുപറമ്പ്: താനൂരിന് സമാനമായ ബോട്ടുദുരന്തം എപ്പോൾ വേണമെങ്കിലും ആവർത്തിക്കുമെന്ന ഭീതിയിലാണ് കീഴുപറമ്പ് മുറിഞ്ഞമാട്ടുകാർ. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ഇവിടത്തെ ബോട്ട് സർവിസ് അനധികൃതമാണെന്ന് അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലി പറഞ്ഞു.
സർവിസ് നടത്തുന്ന ഒരു ബോട്ടിനും ലൈസൻസില്ലെന്നും ചാലിയാറിലെ ആഴമേറിയ പ്രദേശത്തുകൂടിയുള്ള യാത്രയിൽ എന്തെങ്കിലും സംഭവിച്ചാൽ ആർക്കും ഉത്തരവാദിത്തമുണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം ഇവിടെയെത്തിയ എസ്.എച്ച്.ഒ ബോട്ടുകളിലെ യാത്രക്കാരോട് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വർഷങ്ങളായി മുറിഞ്ഞമാട് വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ട്. പ്രതിദിനം ദൂരദിക്കുകളിൽനിന്നുൾപ്പെടെ നിരവധി പേരാണ് തുരുത്ത് കാണാനും സമയം ചെലവിടാനും എത്തുന്നത്. ഇങ്ങനെയെത്തുന്നവർക്ക് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിലാണ് സർവിസ്.
വർഷങ്ങളായി ഈ ബോട്ടുകൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുമായി ചാലിയാറിൽ യാത്ര നടത്തുന്നത്. ചാലിയാറിൽ ബോട്ട് സർവിസ് നടത്തണമെങ്കിൽ വിവിധ വകുപ്പുകളുടെ അനുമതി വേണം. ഈ അനുമതികളില്ലാതെയാണ് ലൈഫ് ജാക്കറ്റ് പോലും ശരിയായി ഉപയോഗിക്കാതെയുള്ള ബോട്ട് സർവിസ്.
സംഭവം സംബന്ധിച്ച് നിരവധി തവണ ‘മാധ്യമം’വാർത്ത നൽകുകയും അധികൃത ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.അരീക്കോട്ടെയും പരിസര പഞ്ചായത്തിലെയും 10 ലക്ഷത്തിൽ കൂടുതൽ പേർ കുടിവെള്ളത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ചാലിയാർ പുഴയാണ്. പുഴയെ മലിനമാക്കുന്ന തരത്തിലാണ് ബോട്ട് സർവിസ് നടത്തുന്നത്.
നിരവധിതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ല. കഴിഞ്ഞദിവസം വൈകീട്ട് അരീക്കോട് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ ഞെട്ടിക്കുന്ന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തങ്ങൾക്കു മാത്രം ഇതിൽ നടപടിയെടുക്കാനാകില്ലെന്നാണ് പൊലീസ് വാദം.
കീഴുപറമ്പ്: മുറിഞ്ഞമാട് തുരുത്തിനെ സർക്കാർ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് ഇതുവരെ അംഗീകാരമായിട്ടില്ല.കഴിഞ്ഞ ബജറ്റിന് മുന്നോടിയായും പി.കെ. ബഷീർ എം.എൽ.എ മുറിഞ്ഞമാട് ടൂറിസം പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പതിവുപോലെ ഈ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ഈ തുരുത്ത് കാണാൻ എത്തുന്നത്.അതുകൊണ്ടുതന്നെ ഒട്ടനവധി ടൂറിസം സാധ്യതകളാണ് നിലവിലുള്ളത്. ഇത് പ്രയോജനപ്പെടുത്തി സുരക്ഷ സംവിധാനങ്ങളോടെയുള്ള ബോട്ടിങ് ഉൾപ്പെടെ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.