മലപ്പുറം: ജില്ലയിൽ രണ്ട് മാസം കൊണ്ട് തദ്ദേശീയ ഹൈസ്പീഡ് 4ജി സേവനം എല്ലായിടത്തും ലഭ്യമാക്കാൻ ഒരുങ്ങി ബി.എസ്.എൻ.എൽ. 43 കേന്ദ്രങ്ങളിലായിട്ടാണ് ഹൈസ്പീഡ് 4ജി സേവനം ലഭിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി 452 ടവറുകളിലും സേവനം ലഭിച്ച് തുടങ്ങും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ മറ്റ് 90 ടവർ പരിധികളിലും സേവനം നൽകുന്നതിന് ബി.എസ്.എൻ.എൽ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറുന്നതോടെ ഈ ടവറുകൾ വഴി ഉപഭോക്താക്കൾക്ക് 5ജി സേവനം ലഭിക്കും. ഇതിനുള്ള സോഫ്റ്റ് വെയർ അപ്ഡേഷൻ പ്രവർത്തനങ്ങൾ ബി.എസ്.എൻ.എൽ നടത്തി വരികയാണ്.
ഇതുവഴി കൂടുതൽ ഉപഭോക്താക്കളെ ബി.എസ്.എൻ.എല്ലിലേക്ക് ആകർഷിക്കാനുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ മൂന്ന് മാസത്തെ കണക്ക് പരിശോധിക്കുമ്പോൾ 12,000 പേർ മാത്രമായിരുന്നു ബി.എസ്.എൻ.എല്ലിലേക്ക് കടന്നുവന്നിരുന്നത്. പുതിയ കണക്ക് പ്രകാരം 36,000 ഉപഭോക്താക്കളാണ് ബി.എസ്.എൻ.എൽ വരിക്കാരായി വരുന്നതെന്ന് സീനിയർ ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ് അറിയിച്ചു. മറ്റ് സേവന ദാതാക്കളെക്കാൾ കുറഞ്ഞ നിരക്കാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ വഴിയൊരുക്കുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. വീടുകളിലേക്ക് വൈഫൈ സേവനം നൽകാൻ സർവത്ര വൈഫൈ എന്ന പേരിൽ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ബി.എസ്.എൻ.എൽ ഫൈബർ ടു ദ ഹോം(എഫ്.ടി.ടി.എച്ച്) പദ്ധതിയിൽ കണക്ഷനുള്ള ഉപഭോക്താവിന് വേറെ ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് സൗകര്യമുള്ള കേന്ദ്രങ്ങളിൽ സ്വന്തം കണക്ഷന് അധിക ചെലവില്ലാതെ ഉപയോഗിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ വിദ്യാമിത്രം പദ്ധതിയുണ്ട്. ഈ പദ്ധതിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സംഘടനകൾക്കോ വ്യക്തികൾക്കോ സ്പോൺസർ ചെയ്ത് ഫൈബർ കണക്ഷൻ നൽകാം. വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് പദ്ധതിയിൽ പ്ലാനുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.