തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് ഭൂമിക്ക് പകരം നഷ്ടപരിഹാരം നല്കാന് തയാറെന്ന് ദേശീയപാത അതോറിറ്റി. ഇതിനായി 97 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതോറിറ്റി കൊച്ചി ജനറല്‍ മാനേജര്‍ ജെ. ബാലചന്ദര്‍ അറിയിച്ചു. സര്വകലാശാലക്കുണ്ടാകുന്ന നഷ്ടവും അവശ്യസേവന സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കലും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അവശ്യസേവന സംവിധാനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള തുകയോ നഷ്ടപരിഹാരമോ ആണ് ലഭിക്കുക. ഇതില്‍ ഏതാണ് ഉചിതമെന്ന് സര്‍ക്കാറുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാമ്പസിെൻറ കിഴക്കു പടിഞ്ഞാറു ഭാഗങ്ങളെ വിഭജിക്കുന്നതിലുള്ള ആശങ്ക സര്‍വകലാശാല അധികൃതര്‍ പങ്കുവെച്ചു.
സര്‍വകലാശാലയുടെ മുന്‍ഭാഗത്ത് 2.2 കി.മീ. ദൈര്‍ഘ്യത്തിലാണ് ദേശീയപാത കടന്നുപോവുക. നിലവിലുള്ള പാതയില്‍നിന്ന് ആറു മീറ്ററോളം താഴ്ന്നായിരിക്കും പുതിയ പാത. നിലവിലുള്ള റോഡ് സര്‍വിസ് റോഡായി ഉപയോഗിക്കാനാകും. സര്‍വിസ് റോഡില്‍നിന്ന് പുതിയ പാതയിലേക്കും പുറത്തേക്കുമായി ഓരോ വഴിയുണ്ടാകും. രണ്ട് നടപ്പാലങ്ങളും വാഹനം കടന്നുപോകുന്ന ഒരു മേല്പാലവും പദ്ധതിയിലുണ്ട്.
ജലവിതരണ ലൈനുകള്‍, വൈദ്യുതി ലൈനുകള്‍, ഡേറ്റ കേബിളുകള്‍ മുതലായവക്കായി പ്രത്യേകം സ്ഥലം അനുവദിക്കുമെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ സൂചിപ്പിച്ചു. സര്‍വകലാശാലയുടെ ജല വിതരണ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ജല അതോറിറ്റിയെ ചുമതലപ്പെടുത്താനാണ് തീരുമാനം. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്, അഡ്വ. ടോം കെ. തോമസ്, യൂനിവേഴ്സിറ്റി എന്‍ജിനീയര്‍ വി.ആര്. അനില്‍ കുമാര്‍, ജല അതോറിറ്റി പ്രോജക്ട് ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.എസ്. അന്‍സാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി. പ്രസാദ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.